ഫഹദ് ഫാസിലിനെ (Fahadh Faasil) നായകനാക്കി നവാഗതനായ സജിമോൻ പ്രഭാകർ (Sajimon Prabhakar) സംവിധാനം ചെയ്‍ത ‘മലയൻകുഞ്ഞി’ൻറെ (Malayankunju) ട്രെയ്‍ലർ പുറത്തെത്തി. വ്യത്യസ്‍തമായ പാത്രസൃഷ്‍ടിയും കഥാപരിസരവുമാണ് ചിത്രത്തിൻറേതെന്നാണ് ട്രെയ്‍ലർ നൽകുന്ന സൂചന. ചിത്രത്തിൻറെ രചനയും ഛായാഗ്രഹണവും മഹേഷ് നാരായണനാണ്. ഫാസിൽ നിർമ്മിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
രജിഷ വിജയൻ നായികയാവുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ദീപക് പറമ്പോൽ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എ ആർ റഹ്മാൻ സംഗീതം പകരുന്നു എന്നതും പ്രത്യേകതയാണ്. അർജു ബെൻ ആണ് എഡിറ്റിംഗ്. പ്രൊഡക്ഷൻ ഡിസൈൻ ജ്യോതിഷ് ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന, സൗണ്ട് ഡിസൈൻ വിഷ്‍ണു ഗോവിന്ദും ശ്രീശങ്കറും ചേർന്ന്, സിങ്ക് സൗണ്ട് വൈശാഖ് പി വി, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണൻ, സെഞ്ചുറി റിലീസ് തിയറ്ററുകളിലെത്തിക്കും. 2022 ഫെബ്രുവരി റിലീസ് ആണ് ചിത്രം. ‘ട്രാൻസി’നു ശേഷം ഫഹദിൻറേതായി തിയറ്ററുകളിലെത്തുന്ന മലയാള ചിത്രമാണിത്. തെലുങ്ക് അരങ്ങേറ്റ ചിത്രം പുഷ്‍പയാണ് ഫഹദിൻറേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. അല്ലു അർജുൻ ആയിരുന്നു ഈ ചിത്രത്തിലെ നായകൻ.
















