അന്തരിച്ച സംവിധായകൻ കെ എസ് സേതുമാധവനെ അനുസ്മരിച്ച് മമ്മൂട്ടി. ‘സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എന്നെ ആദ്യമായി പിടിച്ചു നിർത്തിയ എന്നും സ്നേഹത്തോടും വാത്സല്യത്തോടും ചേർത്ത് നിർത്തിയ സേതു സാറിന് ആദരാഞ്ജലികൾ.’– എന്ന് മമ്മൂട്ടി കുറിച്ചു. 1971 ല്‍ കെ എസ് സേതുമാധവൻ്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലാണ് മമ്മൂട്ടി ആദ്യമായി വെള്ളിത്തിരയിലെത്തിയത്.
സത്യനായിരുന്നു ചിത്രത്തിലെ നായകൻ. ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. ചെല്ലപ്പനെ സഹായിച്ചു എന്നാരോപിച്ച് ബഹദൂര്‍ അവതരിപ്പിക്കുന്ന ഹംസയുടെ പെട്ടിക്കട മുതലാളിയുടെ ഗുണ്ടകള്‍ തല്ലിതകര്‍ക്കുന്നു. അതറിഞ്ഞു ബഹദൂറിന്‍റെ കൂടെ ഓടിവരുന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്.
കെ എസ് സേതുമാധവൻ ചിത്രത്തിലെ ഓര്‍മകള്‍ മമ്മൂട്ടി ഒരു ഫോട്ടോ പങ്കുവെച്ച് എഴുതിയിരുന്നു. സെല്ലുലോയിഡിൽ ഞാൻ ആദ്യമായി പ്രത്യക്ഷപ്പെട്ടതിൽ നിന്നുള്ള ഒരു സ്‍കീൻ ഗ്രാബാണിത്, ഇത് ചെയ്‍ത വ്യക്തിക്ക് നന്ദിയെന്നും പറഞ്ഞായിരുന്നു മമ്മൂട്ടി ഫോട്ടോ പങ്കുവെച്ചത്. സത്യൻ മാസ്റ്ററുടെ അതേ സിനിമയിൽ അഭിനയിക്കാനുള്ള അപൂർവ ഭാഗ്യം എനിക്ക് ലഭിച്ചു. ഷൂട്ടിംഗിൻ്റെ ഇടവേളയില്‍ അദ്ദേഹം ഉറങ്ങുമ്പോൾ ഒരിക്കൽ കാലിൽ സ്‍പർശിച്ചത് താൻ ഓര്‍ക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.
അനുഭവങ്ങള്‍ പാളിച്ചകളിലൂടെ അതിഥി വേഷത്തില്‍ എത്തിയ മമ്മൂട്ടിയെ പ്രധാന കഥാപാത്രമായി തന്നെ പിന്നീട് കെ എസ് സേതുമാധവൻ ക്ഷണിച്ചു. ‘അറിയാത്ത വീഥികള്‍’ എന്ന ചിത്രത്തില്‍ മോഹൻലാലിനൊപ്പം മമ്മൂട്ടി കെ എസ് സേതുമാധവൻ്റെ സംവിധാനത്തില്‍ അഭിനയിച്ചു. ‘അവിടത്തെ പോലെ ഇവിടെയും’ സിനിമയിലും മമ്മൂട്ടിയും മോഹൻലാലുമായിരുന്നു കെ എസ് സേതുമാധവൻ്റെ നായകൻമാര്‍.
കെ എസ് സേതുമാധവൻ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചതൊക്കെ ഹിറ്റാകുകയും ചെയ്‍തു. ‘ജ്ഞാനസുന്ദരി’യാണ് കെ എസ് സേതുമാധവൻ ആദ്യമായി സംവിധാനം ചെയ്‍ത മലയാള സിനിമ. ‘വീരവിജയ’ എന്ന സിംഹളീസ് ചിത്രത്തിലൂടെ 1960ലാണ് കെ എസ് സേതുമാധവൻ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്നത്. ‘മറുപക്കം’ എന്ന തമിഴ് ചിത്രം കെ എസ് സേതുമാധവൻ ചിത്രം ദേശീയ അവാര്‍ഡ് നേടി.
മലയാളത്തിൻ്റെ സാഹിത്യ കൃതികള്‍ സിനിമയാക്കിയ സംവിധായകരില്‍ ഒന്നാമനാണ് കെ എസ് സേതുമാധവൻ. ബാലതാരമായി കമല്‍ഹാസനെ ആദ്യമായി മലയാള സിനിമയില്‍ അവതരിപ്പിച്ചത് കെ എസ് സേതുമാധവനായിരുന്നു. കന്യാകുമാരി എന്ന ചിത്രത്തിലൂടെ കമല്‍ഹാസനെ നായകനായി അവതരിപ്പിച്ചതും അദ്ദേഹം തന്നെ.
















