ആലപ്പുഴ: ആലപ്പുഴ എസ്‍ഡിപിഐ നേതാവ് ഷാനിന്‍റെ കൊലപാതകത്തില്‍ മൂന്നുപേര്‍കൂടി കസ്റ്റഡിയിലെന്ന് സൂചന. രണ്ട് തൃശൂര്‍ സ്വദേശികളും ഒരു ആലുവ സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്. തൃശൂര്‍ സ്വദേശികളാണ് പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതെന്നാണ് നിഗമനം. ഗൂഢാലോചനയിലെ പങ്ക് സംശയിച്ചാണ് ആലുവ സ്വദേശിയെ കസ്റ്റഡിയിലെടുത്തത്.
ആലപ്പുഴ ഇരട്ട കൊലപാതകത്തിൽ ഇരുവിഭാഗത്തിലും പെട്ട കുറ്റവാളികളുടെ പട്ടിക ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കുമെന്ന് പോലീസ് അറിയിച്ചു. വാറന്‍റ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യും. ക്രിമിനൽ സംഘങ്ങൾക്ക് പണം കിട്ടുന്ന സ്രോതസ് കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഷാന്‍റെ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള രണ്ട് പേരെ ആലപ്പുഴ നഗരത്തിലെ ആർഎസ്എസ് കാര്യാലയത്തിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നുപേർ കൂടി കസ്റ്റഡിയിൽ ഉള്ളതെന്നാണ് സൂചന. കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം ആലുവായിലേക്കും നീങ്ങിയിട്ടുണ്ട്. ഇന്നലെ രാത്രി ആലുവ ആർഎസ്എസ് കാര്യാലയത്തിൽ ആലപ്പുഴയിൽ നിന്നെത്തിയ പോലീസ് പരിശോധന നടത്തി.

















