റോം: വിനയശീലം കൈവിടരുതെന്ന് വത്തിക്കാൻ കർദിനാളുമാർക്കും ബിഷപ്പുമാർക്കും ഉദ്യോഗസ്ഥർക്കും ആഹ്വാനം നൽകി ഫ്രാൻസിസ് മാർപാപ്പയുടെ ക്രിസ്മസ് സന്ദേശം. അഹങ്കാരവും സ്വാർഥതയും പദവിയുടെ അഹമ്മതിയും വെടിഞ്ഞ് വിനീതരാവണം. മറ്റുള്ളവരെ മറന്ന് സ്വന്തം കാര്യത്തെ കുറിച്ച് ചിന്തിക്കുന്നത് ആത്മീയതയെ നശിപ്പിക്കുമെന്നും സഭയുടെ ദൗത്യത്തെ കളങ്കപ്പെടുത്തുമെന്നും മാർപാപ്പ ഓർമപ്പെടുത്തി.
‘പാരമ്പര്യത്തെക്കുറിച്ച് ആകുലപ്പെട്ട് ഭാവിയെ മറക്കുന്നതല്ല എളിമ. അഹങ്കാരികൾ തെറ്റുകൾ ആവർത്തിക്കുന്നു, അവർ അനുരഞ്ജനത്തിൻ്റെ വഴികൾ തേടാറില്ല. നല്ലതിനെന്ന പേരിൽ പാരമ്പര്യം പറഞ്ഞ് അഴിമതി തുടരുന്നത് ഒഴിവാക്കിയേ തീരൂ’ – മാർപാപ്പ പറഞ്ഞു. കഴിഞ്ഞ ക്രിസ്മസ് സന്ദേശങ്ങളിലെ പോലെ കത്തോലിക്ക അധികൃതരുടെ ധാർമികവും വ്യക്തിപരവുമായുള്ള വീഴ്ചകളെ കുറിച്ചാണ് ഇക്കുറിയും അദ്ദേഹം സംസാരിച്ചത്.
‘കഴിഞ്ഞകാലങ്ങളെ കുറിച്ച് മാത്രമല്ല, ഭാവിയെ കുറിച്ചുകൂടി ആശങ്കപ്പെടുന്നവരാകും വിനയാന്വിതർ. എങ്ങനെ മുന്നോട്ടു നീങ്ങണമെന്ന് അവർക്ക് വ്യക്തതയുണ്ടാകും. കടന്നുപോകുന്ന വഴികളെയും പ്രകാശിപ്പിക്കും. ഭൂതകാലത്തെ നന്ദിയോടെ സ്മരിക്കും. ഭാവിയിൽ കൃത്യമായി നടക്കാനിടയുള്ള കാര്യങ്ങളെ കുറിച്ച് തീർച്ചയുണ്ടാകും.അവരുടെ നിയന്ത്രണത്തിലല്ലാത്തതിനെ കുറിച്ച് ആശങ്കപ്പെടുകയും ചെയ്യും’ -മാർപാപ്പ കൂട്ടിച്ചേർത്തു.
അഹങ്കാരികൾ മറ്റുള്ളവരെക്കാൾ തൻ്റെ കാര്യങ്ങൾക്കാണ് കൂടുതൽ വിലകൽപിക്കുക. അതിൻ്റെ ഫലമായി ചെയ്തുകൂട്ടിയ പാപങ്ങളെ കുറിച്ചോ തിരിച്ചറിവുണ്ടാകില്ല. അതിനാൽ അതെകുറിച്ച് പശ്ചാത്തപിക്കാനും ഇടവരില്ല. ദൈവത്തോടുള്ള കാപട്യമാണിത്. സഭയുമായി ബന്ധംപുലർത്തുന്നവർ ഈ സ്വഭാവം ഉപേക്ഷിക്കണമെന്നും പോപ് ആഹ്വാനം ചെയ്തു.
പദവിയുടെ ആഡംബരങ്ങളിൽ ഭ്രമിച്ച് പാവങ്ങളെ മറക്കുന്നതിനെക്കുറിച്ച് ഓർമിപ്പിക്കാൻ ബൈബിളിലെ നാമാൻ്റെ കഥയും മാർപാപ്പ ഓർമിപ്പിച്ചു. പാരമ്പര്യങ്ങളിൽ മുറുകെപ്പിടിച്ച് അഴിമതി മൂടിവയ്ക്കാനുള്ള എല്ലാ ശ്രമങ്ങളും ഇല്ലാതാകണം. നാമെല്ലാം എളിമയിലേക്കു വിളിക്കപ്പെട്ടവരാണ്. വിനീതമായി സ്മരിക്കാനും ജീവനേകാനും വിളിക്കപ്പെട്ടവർ. എളിമയില്ലെങ്കിൽ നാം രോഗികളാകും, ഇല്ലാതാകാൻ വിധിക്കപ്പെട്ടവരും – മാർപാപ്പ മുന്നറിയിപ്പു നൽകി.
















