കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ (Kannur University VC) ഗോപിനാഥ് രവീന്ദ്രന് (Gopinath Ravindran) വധ ഭീഷണി കത്ത്. ശിരസ്സ് വെട്ടി സർവകലാശാല (Kannur University) വളപ്പിൽ വെക്കുമെന്നാണ് ഭീഷണി കത്തിലുള്ളത്. മാവോയിസ്റ്റുകളുടെ (Maoists) പേരിലാണ് കണ്ണൂർ വിസിക്ക് ഭീഷണി കത്ത് ലഭിച്ചത്. വഴിവിട്ട നീക്കങ്ങളുമായി വിസി മുന്നോട്ട് പോയാൽ പ്രത്യാഘാതം വലുതാകുമെന്നാണ് കബനീ ദളത്തിൻറെ പേരിലുള്ള കത്തിൽ പറയുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് കണ്ണൂർ ടൗൺ പൊലീസ് അറിയിച്ചു.
അതേസമയം കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ പുനർനിയമനം ചോദ്യം ചെയ്തുളള ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ച ശേഷം വിവാദം തണുത്തിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഹർജി ഫയലിൽ സ്വീകരിച്ചത്. ഗവർണർ അടക്കം എല്ലാ എതിർകക്ഷിക്കും നോട്ടീസ് നൽകും. ചാൻസലർ കൂടിയായ ഗവർണർക്ക് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് നൽകാനാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. നിയമനം നിയമപരമാണോയെന്ന് സർക്കാരും സർവകലാശാലയും കൂടി മറുപടി നൽകണം. കോ വാറൻറോ ഹർജിയായതിനാൽ വൈസ് ചാൻസലർക്ക് നോട്ടീസ് നൽകേണ്ടെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ടായിരുന്നു.

















