ആലപ്പുഴ: ഷാന്‍ വധക്കേസിലെ പ്രതികളുമായി ആലപ്പുഴയിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ പോലീസ് തെളിവെടുപ്പ് നടത്തി. കേസുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് പേരും ഒളിവില്‍ കഴിഞ്ഞിരുന്നത് ഇവിടെയാണ്. ഈ സാഹചര്യത്തിലാണ് അവിടെയെത്തി പോലീസ് തെളിവെടുപ്പ് നടത്തിയത്.
പ്രതികള്‍ ഉപയോഗിച്ചെന്ന് കരുതിയ കാര്‍ നേരത്തെ പോലീസ് കണ്ടെടുത്തിരുന്നു. കണ്ണിച്ചിക്കുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കാര്‍ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഏഴരയോടെ മണ്ണഞ്ചേരിയില്‍ വെച്ചാണ് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയായ കെ എസ് ഷാനെ ആക്രമിച്ചത്. മണ്ണഞ്ചേരി പൊന്നാടുള്ള വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോള്‍ കാറിലെത്തിയ സംഘം ഷാനെ വെട്ടി കൊല്ലപ്പെടുത്തുകയായിരുന്നു.
ഇതിനു പിന്നാലെ ബിജെപി സംസ്ഥാന നേതാവ് രഞ്ജിത്ത് ശ്രീനിവാസനും കൊല്ലപ്പെടുകയുണ്ടായി. ജില്ലയില്‍ കനത്ത ജാഗ്രതയാണ് പോലീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഷാൻ വധവുമായി ബന്ധപ്പെട്ട് ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ പ്രസാദ്, കുട്ടന്‍ എന്ന രതീഷ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി ആലപ്പുഴ എസ് പി ജി ജയദേവ് അറിയിച്ചിരുന്നു.

















