തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ചു പേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 29 ആയി. ഇന്നലെ ഒന്‍പതു പേര്‍ക്കു രോഗബാധ കണ്ടെത്തിയിരുന്നു. ബ്രിട്ടന്‍, അല്‍ബേനിയ, നൈജീരിയ എന്നിവിടങ്ങളില്‍നിന്ന് എത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത്. നാലു പേര്‍ എറണാകുളത്തും ഒരാള്‍ കോഴിക്കോട്ടുമാണ് എത്തിയത്.
യുകെയില്‍ നിന്നുമെത്തിയ രണ്ടു പേര്‍ക്കും അല്‍ബാനിയയില്‍ നിന്നുമെത്തിയ ഒരാള്‍ക്കും (35) നൈജീരിയയില്‍ നിന്നുമെത്തിയ പത്തനംതിട്ട സ്വദേശിയ്ക്കുമാണ് (40) എറണാകുളത്ത് എത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും എറണാകുളത്തെത്തിയ 28 വയസുകാരന്‍ കോട്ടയം സ്വദേശിയാണ്. കോഴിക്കോട് ഒമിക്രോണ്‍ സ്ഥിരീകരിച്ചയാള്‍ (21) ബാംഗളൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് എത്തിയതാണ്.
തമിഴ്‌നാട്ടില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച 34 പേരില്‍ കേരളത്തില്‍ നിന്നെത്തിയയാളും. വിദേശത്ത് നിന്ന് എത്തിയ 66 പേരെ പരിശോധിച്ചപ്പോള്‍ 33 പേര്‍ക്ക് ഒമിക്രോണ്‍ കണ്ടെത്തിയതായി സംസ്ഥാന ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന്‍ അറിയിച്ചു. എറണാകുളത്ത് ഒമിക്രോണ്‍ സ്ഥീരീകരിച്ചവര്‍ ഡിസംബര്‍ 15, 19, 20 തീയതികളിലാണ് എത്തിയത്. പത്തനംതിട്ട സ്വദേശി ഡിസംബര്‍ 14നാണ് നൈജീരിയയില്‍ നിന്നും എറണാകുളത്തെത്തിയത്.
ഹോം ക്വാറന്റൈനിലായ ഇദ്ദേഹത്തിന് 18 നാണ് കോവിഡ് സ്ഥിരീകരിച്ചത്. അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളും സമ്പര്‍ക്ക പട്ടികയിലുണ്ട്. കോഴിക്കാട് രോഗം സ്ഥിരീകരിച്ചയാള്‍ ഡിസംബര്‍ 17ന് ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷം 19ന് കോഴിക്കോട് എത്തുകയായിരുന്നു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ചു. അതിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. എല്ലാവരും ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വരുന്നു.

















