ന്യൂഡൽഹി: രാജ്യത്തെ 60 ശതമാനം ആളുകള്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,17,671 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. ആകെ വാക്‌സിനേഷന്‍ 139.70 കോടി പിന്നിട്ടു(1,39,69,76,774). രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് സമ്പൂർണ വാക്സിനേഷൻ കണക്കുമായി ആരോഗ്യ മന്ത്രാലയം രംഗത്തെത്തിയത്.
ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം രാജ്യത്തെ ഒമിക്രോൺ കേസുകൾ വ്യാഴാഴ്ച രാവിലെ 271 ആയി ഉയർന്നു. തമിഴ്നാട്ടിൽ 33 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണിത്. നിലവിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്ര-65, ഡൽഹി-57, തമിഴ്നാട്-34, തെലങ്കാന-24, ഗുജറാത്ത്-23, രാജസ്ഥാൻ-22, കർണാടക-19 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ കണക്കുകൾ.
രാജ്യത്തെ പ്രായപൂര്‍ത്തിയായവരുടെ വാക്‌സിനേഷനാണ് 60 ശതമാനം പൂര്‍ത്തികരിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടാണ് കേന്ദ്രമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഇക്കാര്യം ട്വീറ്റ് ചെയ്തത്. 89 ശതമാനം കൗമാരപ്രായക്കാര്‍ ഒന്നാം ഡോസ് വാക്‌സിന്‍ ഇതുവരെ സ്വീകരിച്ചു.
അതിനിടെ, രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയേക്കും.
















