തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന നാലു ട്രെയിനുകളില്‍ കൂടി റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ അനുവദിച്ചു. ജനുവരി ഒന്നുമുതലാകും ഇത് നടപ്പില്‍ വരിക. മലബാര്‍ എക്‌സ്പ്രസ്, മാവേലി എക്‌സ്പ്രസ്, ചെന്നൈ-മംഗലാപുരം മെയില്‍, വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് എന്നീ ട്രെയിനുകളിലാണ് റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ അനുവദിച്ചത്.
ഇതോടെ ഈ ട്രെയിനുകളില്‍ ജനറല്‍ ടിക്കറ്റുകാര്‍ക്കും സീസണ്‍ ടിക്കറ്റുകാര്‍ക്കും യാത്ര ചെയ്യാനാകും. പകല്‍ സമയങ്ങളില്‍ ഓടുന്ന ഹ്രസ്വദൂര ട്രെയിനുകളില്‍ റെയില്‍വേ ഇതിനോടകം റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ പുനഃസ്ഥാപിച്ചിരുന്നു. കോവിഡ് നിയന്ത്രങ്ങളുടെ ഭാഗമായി റിസർവ് ചെയ്ത് മാത്രമായിരുന്നു യാത്രക്കാർക്ക് യാത്ര ചെയ്യാൻ സാധിച്ചിരുന്നത്.
മലബാര്‍, മാവേലി അടക്കമുള്ള രാത്രി ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ അനുവദിക്കാത്തത് സ്ഥിരം യാത്രക്കാരെ ഏറെ പ്രയാസത്തിലാക്കിയിരുന്നു. കേരളത്തിലൂടെ ഓടുന്ന പത്ത് ട്രെയിനുകളില്‍ നേരത്തെ തന്നെ റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ ദക്ഷിണ റെയില്‍വേ അനുവദിച്ചിരുന്നു. മൊത്തം 18 ട്രെയിനുകളിലാണ് റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ അനുവദിച്ചത്. മംഗളൂരു- കോയമ്ബത്തൂര്‍ ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ്, കോയമ്ബത്തൂര്‍- മംഗളൂരു ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ്, ഏറനാട് എക്‌സ്പ്രസ്, പാലരുവി എക്‌സ്പ്രസ്, പരശുറാം എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളിലാണ് ജനറല്‍ കോച്ചുകള്‍ അനുവദിച്ചിരുന്നത്.

















