ചെന്നൈ: തമിഴ്‌നാട്ടില്‍ 33 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 34 ആയി. ഇന്ന് സ്ഥിരീകരിച്ച 33 പേരിൽ 26 രോഗികളും ചെന്നൈയിലാണ്. സമ്പർക്കത്തിലുള്ളവരെ കണ്ടെത്താൻ നടപടികൾ തുടങ്ങിയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
രാജ്യത്ത് രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചുചേര്‍ത്തു. ഇന്ന് വൈകീട്ട് നടക്കുന്ന അടിയന്തര യോഗത്തില്‍ ഒമിക്രോണിനെ പ്രതിരോധിക്കാന്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ചര്‍ച്ചയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും അവശ്യമരുന്നുകളുടെ സ്‌റ്റോക്ക് ഉറപ്പാക്കാനും മെഡിക്കൽ ഓക്‌സിജൻ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമായി കേന്ദ്രം സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്ത കോവിഡ് ദുരിതാശ്വാസ പാക്കേജിൻ്റെ വിനിയോഗത്തിൻ്റെ സ്ഥിതിയും പ്രധാനമന്ത്രി യോഗത്തിൽ അവലോകനം ചെയ്യും.
മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം ഒമൈക്രോണ്‍ കേസുകള്‍. സംസ്ഥാനത്ത് 65 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഡല്‍ഹി (64), തമിഴ്‌നാട് (34), തെലങ്കാന (24), രാജസ്ഥാന്‍ (21), കര്‍ണാടക (19) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ കണക്കുകള്‍. രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. വൈറസ് ബാധ പടരാതിരിക്കാന്‍ വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. നൈറ്റ് കര്‍ഫ്യൂ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാവുന്നതാണ് എന്ന നിര്‍ദേശവും കേന്ദ്രം മുന്നോട്ടുവെച്ചിട്ടുണ്ട്.
















