ബൈജിങ്: കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ വടക്കൻ ചൈനീസ് നഗരമായ ഷിയാനിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചു. ഒരു കോടിയിലധികം ആളുകളാണ് നിലവില്‍ ലോക്ഡൗണ്‍ നിയന്ത്രണത്തിന് കീഴില്‍ വരുന്നത്. അവശ്യകാര്യങ്ങള്‍ക്ക് മാത്രം നിയന്ത്രിതമായ രീതിയില്‍ പുറത്തിറങ്ങാന്‍ മാത്രമാണ് ഇവര്‍ക്ക് അനുമതിയുള്ളൂ.
വ്യാഴാഴ്ച അർദ്ധരാത്രി മുതലാണ് നിയന്ത്രണങ്ങൾ നിലവിൽ വന്നത്. എന്നുവരെയാണ് നിയന്ത്രണങ്ങൾ എന്നതിനെ കുറിച്ച് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 2022 വിന്‍റർ ഒളിമ്പിക്സിന് ഫെബ്രുവരിയിൽ ബൈജിങ് വേദിയാകാനിരിക്കെ, കോവിഡ് വ്യാപനം ഏതുവിധേനയും തടയാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ.
ഡിസംബര്‍ ആദ്യവാരത്തിന് ശേഷമാണ് പല നഗരങ്ങളിലും കോവിഡ് കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പട്ടത്. ഷിയാൻ നഗരത്തിൽ ബുധനാഴ്ച 52 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഡിസംബർ ഒമ്പതിന് ശേഷം ഇവിടെ ആകെ 143 കേസുകൾ സ്ഥിരീകരിച്ചു. ഇതോടെയാണ് വ്യാഴാഴ്ചയാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്. ഭാഗികമായാണ് നിലവില്‍ ലോക്ഡൗണ്‍.
വ്യാഴാഴ്ച മുതൽ രണ്ടുദിവസം കൂടുമ്പോൾ ഒരു വീട്ടിലെ ഒരാൾക്ക് പുറത്തിറങ്ങി അവശ്യസാധനങ്ങൾ വാങ്ങാനുള്ള അനുമതിയുണ്ട്. മറ്റുള്ളവർ വീട്ടിനുള്ളിൽ തുടരണം. നഗരം വിട്ടുപോകരുതെന്നും നിർദേശമുണ്ട്. ഷിയാനിലെ 1.3 കോടി ജനങ്ങളെയും കോവിഡ് പരിശോധനക്ക് വിധേയരാക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
















