ഇടുക്കി: അന്തരിച്ച തൃക്കാക്കര എംഎല്‍എ പി.ടി തോമസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ജന്മനാടും നാട്ടുകാരും. ഇടുക്കി ഉപ്പുതോട്ടിലെ പി.ടിയുടെ വസതിയില്‍ നാട്ടുകാരും പൊതുപ്രവര്‍ത്തകരും ബന്ധുക്കളുമടക്കം ആയിരങ്ങളാണ് അന്ത്യാജ്ഞലിയര്‍പ്പിക്കാന്‍ എത്തിയത്. കമ്പംമെട്ട് ചെക്ക്പോസ്റ്റില്‍ നിന്നും വിലാപയാത്രയായാണ് മൃതദേഹം ജന്മനാട്ടിലെത്തിച്ചത്. ഇടുക്കി, പാലാ രൂപതാ ബിഷപ്പുമാര്‍ പി.ടിക്ക് ആദരാജ്ഞലിയര്‍പ്പിച്ചു.
ജില്ലാ കളക്ടറും ഇടുക്കി എംപി ഡീന്‍ കുര്യാക്കോസും ചേര്‍ന്ന് പുലര്‍ച്ചെയാണ് വെല്ലൂരിലെ ആശുപത്രിയില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പി.ടി.തോമസിന്റെ മൃതദേഹം സംസ്ഥാന അതിര്‍ത്തിയില്‍ ഏറ്റുവാങ്ങിയത്. വൈകിട്ട് 5.30ന് രവിപുരം ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തും.
തന്റെ സംസ്കാര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന കൃത്യമായ നിര്‍ദേശം നല്കിയ ശേഷമാണ് പിടി തോമസിന്റെ വിയോഗം. അന്ത്യാഭിലാഷം സംബന്ധിച്ച് അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം സുഹൃത്തുക്കള്‍ ചടങ്ങുകളെക്കുറിച്ച് എഴുതിവച്ചിരുന്നു. ഇന്നലെ രാവിലെ 10.15ഓടെ വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പി.ടി വിടപറഞ്ഞത്.

















