ന്യൂഡല്‍ഹി: ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാനങ്ങള്‍. കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന്‍റെ രോഗവ്യാപനതോത് മൂന്നിരട്ടി കൂടുതലാണെന്നും പ്രതിരോധ നടപടികള്‍ ശക്തമാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക, ഹരിയാന, ഗുജറാത്ത്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.
ഡല്‍ഹിയിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളുൾപ്പടെ എല്ലാ സാംസ്കാരിക പരിപാടികൾക്കും വിലക്കേർപ്പെടുത്തിയതായി ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഹരിയാനയിൽ ജനുവരി ഒന്നു മുതൽ വാക്സീന്റെ രണ്ട് ഡോസും സ്വീകരിച്ചവർക്ക് മാത്രമേ പൊതു സ്ഥലങ്ങളിൽ പ്രവേശനം അനുവദിക്കുകയുള്ളു എന്ന് ആരോഗ്യ മന്ത്രി അനിൽ വിജ് പറഞ്ഞു.
മഹാരാഷ്ട്രയില്‍ 54 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. പ്രതിരോധ നടപടിയുടെ ഭാഗമായി ഡിസംബര്‍ 16 മുതല്‍ 31 വരെ സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ കടകളിലും പൊതു ഗതാഗത വാഹനങ്ങളിലും പ്രവേശനമുള്ളു. വാക്‌സിന്‍ എടുക്കാത്തവര്‍ മറ്റുള്ളവര്‍ക്കൊപ്പം പൊതുഗതാഗത വാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് അപകടകരമാണെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും അറിയിച്ചു.
എല്ലാ പൊതുപരിപാടികള്‍ക്കും കര്‍ണാടക സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ബെംഗളൂരു എംജി റോഡിലും ബ്രിഗേഡ് റോഡിലും നടക്കുന്ന പരിപാടികളും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്ത് ഒരിടത്തും പൊതു ചടങ്ങുകളോ ആഘോഷ പരിപാടികളോ നടത്തരുതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.
ഹോട്ടലുകളിലും ക്ലബ്ബുകളിലും 50 ശതമാനം പേര്‍ക്കെ പ്രവേശനമുള്ളു. എന്നാല്‍ പ്രത്യേക പുതുവത്സര പാര്‍ട്ടിയോ ഡിജെ പരിപാടിയോ നടത്താന്‍ അനുമതിയില്ല. ഇത്തരം കേന്ദ്രങ്ങളിലെ മുഴുവന്‍ ജീവക്കാരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരും ആയിരിക്കണം.
ഗുജറാത്തില്‍ 11 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. പ്രതിരോധ നടപടിയുടെ ഭാഗമായി സംസ്ഥാനത്തെ രാത്രികാല കര്‍ഫ്യൂ ഡിസംബര്‍ 31 വരെ നീട്ടി. രാത്രി 1 മണി മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് കര്‍ഫ്യൂ. ഹോട്ടലുകളിലും വ്യായാമ കേന്ദ്രങ്ങളിലും 75 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനേ അനുമതിയുള്ളു.
ഒമിക്രോൺ സ്ഥിതി വിലയിരുത്താൻ നാളെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും. രാജ്യത്ത് ഇതുവരെ 213 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്.
















