ന്യൂഡൽഹി: കെ റെയിൽ പദ്ധതിക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെ കണ്ടു. കൊടിക്കുന്നിൽ സുരേഷ്, കെ. മുരളീധരൻ, ബെന്നി ബഹനാൻ ഉൾപ്പെടെ പത്ത് എംപിമാരാണ് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയിൽ ശശി തരൂർ എംപി പങ്കെടുത്തില്ല.
ഒരു നടപടിയും പൂർത്തിയാക്കാതെ പദ്ധതി ആരംഭിക്കുകയാണെന്നും മുൻകൂർ നോട്ടീസ് നൽകാതെ വീടുകളിൽ കല്ലിടുന്നതായും എംപിമാർ മന്ത്രിയെ അറിയിച്ചു.
പ്രാരംഭ ഘട്ടത്തിലെ പഠനങ്ങൾക്കുള്ള അനുമതി മാത്രമാണ് നൽകിയിട്ടുള്ളതെന്നും പദ്ധതി ആരംഭിക്കുന്നതിന് ഒരനുമതിയും സർക്കാരിന് നൽകിയിട്ടില്ലെന്നും മന്ത്രി മറുപടി നൽകിയതായി എംപിമാർ പറഞ്ഞു.
അതേസമയം, കെ റെയിൽ പദ്ധതിയിൽ ശശി തരൂരിന്റെ നിലപാട് ശരിയല്ലെന്ന് കെ മുരളീധരൻ എം പി പറഞ്ഞു. കെ റെയിൽ പദ്ധതിയെ ഒരു കാരണവശാലും യു ഡി എഫ് അംഗീകരിക്കില്ലെന്ന് അറിയിച്ചു. കെ റെയിൽ വിഷയത്തിൽ യുഡിഎഫിന് ഒറ്റ തീരുമാനമെന്ന് കെ മുരളീധരൻ എം പി അഭിപ്രായപ്പെട്ടു.

















