തൃശൂര്‍: തൃശൂരിലെ നവജാത ശിശുവിന്റെ മരണം കൊലപാതകമാണെന്ന് പൊലിസ്. കേസില്‍ അമ്മ അടക്കം മൂന്ന് പേരെ കസ്റ്റഡിയിലെടുത്തുവെന്നും പൊലിസ് അറിയിച്ചു. വീട്ടിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതികൾ മൊഴി നൽകി.
തൃശൂർ വരടിയം സ്വദേശി മേഘ ഗർഭിണിയായതും പ്രസവിച്ചതും വീട്ടുകാരെ അറിയിക്കാതിരിക്കാനാണ് കുട്ടിയെ കൊലപ്പെടുത്തി ഉപേക്ഷിച്ചത്. പ്രസവിച്ച ഉടനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നു. ശേഷം കവറിലാക്കി കാമുകൻ ഇമ്മാനുവേലും സുഹൃത്ത് അമലും ചേർന്ന് എംഎൽഎ റോഡിലുള്ള കനാലിൽ ഉപേക്ഷിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്.
കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം പ്രതികളെ തെളിവെടുപ്പിന് കൊണ്ട് പോകും. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെയാണ് മൂന്ന് ദിവസം പ്രായമായ പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്‌ച രാത്രിയാണ് യുവതി പ്രസവിക്കുന്നത്. തുടർന്ന് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു. പിന്നീട് മൃതദേഹം കട്ടിലിനടിയിൽ സൂക്ഷിച്ചു. ഞായറാഴ്ച കാമുകനും സുഹൃത്തും ചേർന്ന് മൃതദേഹം തോട്ടിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തൃശൂർ വരിയം സ്വദേശികളായ മേഘ (22), ഇമ്മാനുവൽ (25) എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായത്.
അവിവാഹിതരായ മേഘയും ഇമ്മാനുവലും തമ്മിൽ പ്രണയത്തിലായിരുന്നു. ഇതിനിടെ യുവതി ഗർഭിണിയായി. ഗർഭിണിയായതും പ്രസവിച്ചതും പക്ഷേ വീട്ടുകാർ അറിഞ്ഞിരുന്നില്ല. ഇക്കാരണത്താൽ കുഞ്ഞിനെ ഒഴിവാക്കാൻ വേണ്ടി ഉപേക്ഷിച്ചു കളയുകയായിരുന്നു. തൃശ്ശൂർ പൂങ്കുന്നത്തിന് സമീപം എം.എൽ.എ റോഡിലുള്ള കനാലിൽ നിന്ന് ഇന്നലെയാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം പഴക്കമുള്ള പെൺകുഞ്ഞിന്റെ മൃതദേഹം വലിയ കവറിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ശാന്തി ഘട്ടിൽ ബലിയിടാൻ എത്തിയവർ മൃതദേഹം കണ്ടതിനെ തുടർന്ന് പൊലിസിനെ അറിയിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

















