വയനാട്ടില്‍ വെല്‍നസ് മെഡിക്കല്‍ ടൂറിസം എന്ന പദ്ധതിക്കായി കോടികള്‍ മുടക്കിയ പ്രവാസി വ്യവസായിയെ ഭീ,ണിപ്പെടുത്തി പ്രോജക്ട് നശിപ്പിക്കകുയും പണവും സ്ഥാപനങ്ങളും തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്ത നാലു പേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുത്ത് പോലീസ്. മുഹമ്മദ് ഷിഹാബ് എന്ന പ്രവാസി വ്യവസായിയാണ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വയനാട് പടിഞ്ഞാറേത്തറ പോലീസ് നാലു പ്രതികള്‍ക്കുമെതിരേ ജാമ്യമില്ലാ വകുപ്പു ചുമത്തി FIR ഇട്ട് കേസെടുത്തിരിക്കുന്നത്. കേസില്‍ ഒന്നാം പ്രതി കാസര്‍ഗോഡ് കുന്നില്‍ ചൗക്കി അബ്ദുള്ളയുടെ മകന്‍ അബ്ദുള്‍ അസീസ് ആണ്.
രണ്ടാം പ്രതി കോഴിക്കോട് ഒഞ്ചിയം വില്ലേജില്‍ ഏറമല ഓര്‍ക്കാട്ടേരി രാമക്കറുപ്പിന്റെ മകന്‍ രാജന്‍ നമ്പ്യാരും, മൂന്നാം പ്രതി ആറ്റിങ്ങല്‍ ചിറയിന്‍കീഴ് താലൂക്കില്‍ കുന്നുവാരം ഊളന്‍കുന്നില്‍ ഹൗസ് എസ്.ആര്‍. നിലയത്തില്‍ രാമകൃഷ്ണന്‍ മകന്‍ സന്തോഷ് കുമാറും, നാലാം പ്രതി തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തില്‍ മാളു ഭദ്രന്‍ എന്നിവര്‍ക്കെതിരേയുമാണ് കേസ്. ഇവര്‍ കൂട്ടായി നിന്നുകൊണ്ട് മുഹമ്മദ് ഷിഹാബിന്റെ വ്യവസായ സ്ഥാപനത്തെ നശിപ്പിക്കാനും, ഇദ്ദേഹത്തിന്റെ വ്യവസായ മേഖലയിലെ സത്‌പ്പേരിനെ കളങ്കപ്പെടുത്താനും, വയനാട്ടില്‍ തുടങ്ങാന്‍ തീരുമാനിച്ച വെല്‍നെസ്സ് മെഡിക്കല്‍ റിസോര്‍ട്ട് പദ്ധതി വന്‍ തട്ടിപ്പാണെന്ന് പ്രചരിപ്പിച്ച് ഇന്‍വെസ്റ്റര്‍മാരെ തെറ്റിദ്ധരിപ്പിക്കാനും, സാമ്പത്തികമായും മാനസികമായും പീഡിപ്പിക്കാനുമൊക്കെ ശ്രമിച്ചുവെന്നാണ് കേസ്.
മാത്രമല്ല, മുഹമ്മദ് ഷിഹാബിന്റെ കുടുംബത്തെയും മോശപ്പെടുത്തുന്ന രീതിയില്‍ ഇടപെടലുകള്‍ നടത്തി. തന്റെ പേരും ചിത്രവും സോഷ്യല്‍ മീഡിയ വഴിയും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയും ദുരുപയോഗം ചെയ്തു. തനിക്കെതിരേ വ്യാജ വാര്‍ത്തകള്‍ നല്‍കി. തന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജമായി ‘ലുക്ക്ഓട്ട് നോട്ടീസ്’ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച് നാണംകെടുത്തുകയും ചെയ്തു. ഇത്തരം വ്യാജമായ നിര്‍മ്മിതികള്‍ കൊണ്ട് പ്രതികള്‍ ഉദ്ദേശിച്ചത്, തന്റെ ബിസിനസ്സ് തകര്‍ക്കാനായിരുന്നു. വിദേശത്തുള്ള ബിസിനസ്സുകള്‍ക്കും പ്രതികളുടെ ഇത്തരം വ്യാജ നിര്‍മ്മിതികള്‍ പ്രതികൂലമായി ബാധിച്ചുവെന്നും മുഹമ്മദ് ഷിഹാബ് ഡി.ജി.പിക്കു നല്‍കി പരാതിയില്‍ പറയുന്നു. തനിക്കെതിരേ സിവില്‍, ക്രിമിനല്‍ കേസുകള്‍ നല്‍കിയും പ്രതികള്‍ നിരന്തരം പീഡിപ്പിച്ചു.
തനിക്ക് ഇന്ത്യയിലേക്കു വരാനുള്ള അനുമതി വരെ നിഷേധിക്കുന്ന തരത്തിലാണ് പ്രതികള്‍ ഗൗഢാലോചന നടത്തി കേസുകള്‍ നല്‍കിയത്. ഇതെല്ലം തന്റെ ബിസിനസ്സിനെ ലക്ഷ്യംവെച്ചുള്ള നീക്കങ്ങളായിരുന്നു. പണത്തിനും, സ്വത്തിനും, ബിസിനസ്സ് തകര്‍ക്കാനും വേണ്ടി നടത്തിയ ഇടപെടലുകള്‍ക്കെല്ലാം തെളിവുകളുമുണ്ട്. കേരളത്തിന്റെ വികസനത്തിനായി ഒരു ബിസിനസ്സ് സ്ഥാപനം കൂടി ഉണ്ടാകട്ടെ എന്നു കരുതിയാണ് വയനാട്ടില്‍ താന്‍ ഇന്‍വെസ്റ്റ് ചെയ്തത്. എന്നാല്‍, അത് പരിപാലിക്കാന്‍ വേണ്ടി നിയോഗിച്ച ഒന്നാം പ്രതി അബ്ദുള്‍ അസീസ് വളരെ നിരുത്തരവാദ പരമായ സമീപനമെടുത്തതോടെയാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം. ഫോര്‍ച്യൂണര്‍ കാറും, തന്റെ ക്രെഡിറ്റ് കാര്‍ഡും അബ്ദുള്‍ അസീസിന് നല്‍കിയിരുന്നു.
അത് വെല്‍നെസ്സ് ആയുര്‍വ്വേദ റിസോര്‍ട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിനു വേണ്ടി ആയിരുന്നു. എന്നാല്‍, അസീസും സംഘവും പണം ധൂര്‍ത്തടിച്ചും, മറ്റു പല ന്യായവിരുദ്ധ നടപടികളും ചെയ്തത് താന്‍ ചോദ്യം ചെയ്തു. കാറും, ക്രെഡിറ്റ് കാര്‍ഡും തിരികെ വാങ്ങുകയും ചെയ്തു. ഇതോടെയാണ് അസീസും സംഘവും പ്രതികാര മനോഭാവത്തോടെ നിക്കെതിരേയുള്ള നീക്കങ്ങള്‍ തുടങ്ങിയത്. തനിക്കെതിരേ നടത്തിയ എല്ലാ ക്രിമിനല്‍ ഗൂഢാലോചനകളും പുറത്തു കൊണ്ടു വന്ന്, തനിക്ക് നീതി നല്‍കണമെന്നാണ് മുഹമ്മദ് ഷിഹാബ് പരാതിയില്‍ ആവശ്യപ്പെടുന്നത്. തട്ടിപ്പു നടത്തിയവരും, വ്യാജ വാര്‍ത്തയും, വ്യാജ ലുക്ക് ഔടട്ട് നോട്ടീസ് പ്രചരിപ്പിച്ചവര്‍ക്കെതിരേയും ശക്തമായ നിയമ നടപടി കൈക്കൊള്ളാനും പരാതിയില്‍ പറയുന്നു.















