ബെംഗളൂരു: മതപരിവർത്തന നിരോധന ബിൽ കർണ്ണാടക നിയമസഭയിൽ നാളെ രാവിലെ പത്തിന് ചർച്ച ചെയ്യുമെന്ന് സ്‌പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കഗേരി അറിയിച്ചു. മതപരിവർത്തന നിരോധന ബില്ലിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാണ്. ബെംഗളൂരുവിൽ 40 സംഘടനകളുടെ കൂട്ടായ്‌മ പ്രതിഷേധം നടത്തി.
സർക്കാർ തങ്ങളെ കേൾക്കുന്നില്ലെന്ന് ബെംഗളൂരു ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ അറിയിച്ചു. നിർബന്ധിത മതമാറ്റം നടത്തുവർക്ക് 10 വർഷം വരെ തടവ് ശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും നിർദ്ദേശിക്കുന്നതാണ് ബിൽ. പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ ശക്തമായി എതിർത്തു. പകർപ്പ് ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം.
നിർബന്ധിച്ചോ, സമ്മർദം ചെലുത്തിയോ, കബിളിപ്പിച്ചോ, വിവാഹ വാഗ്ദാനം നൽകിയോ മതപരിവർത്തനം നടത്തുന്നത് പുതിയ നിയമപ്രകാരം കുറ്റകരമായിരിക്കും. മതം മാറ്റപ്പെട്ട വ്യക്തിയുടെ കുടുംബം നൽകുന്ന പരാതി പ്രകാരം പോലീസിന് കേസെടുക്കാം. സംസ്ഥാനത്ത് നിയമം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വിവാഹത്തിന് വേണ്ടിയുള്ള മതപരിവർത്തനം നിയമ വിരുദ്ധമാണെന്ന് വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെയാണ് കർണാടകയും നിയമം നടപ്പാക്കാൻ തീരുമാനിച്ചത്. നേരത്തെ ഉത്തർപ്രദേശ്, ഗുജറാത്ത്, മദ്ധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങൾ മതപരിവർത്തനത്തിനെതിരെ നിയമം പാസാക്കിയിരുന്നു.
















