ഭുവനേശ്വര്‍: ഹ്രസ്വദൂരത്തിൽ ഉപരിതലത്തിൽനിന്ന് ഉപരിതലത്തിലേക്ക് നയിക്കാവുന്ന ബാലിസ്റ്റിക് മിസൈൽ ‘പ്രലേ’യുടെ വിക്ഷേപണം ഇന്ത്യ വിജയകരമായി പൂർത്തിയാക്കി. ഡിആർഡിഒ വൃത്തങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്. ഒഡിഷയിലെ എപിജെ അബ്ദുൽ കലാം ദ്വീപിൽനിന്ന് ഇന്ന് രാവിലെ പത്തരയോടെയാണ് മിസൈൽ വിക്ഷേപിച്ചത്.
വളരെ കൃത്യതയോടെ ലക്ഷ്യസ്ഥാനത്തെത്തിയ മിസൈലിന്റെ എല്ലാ സംവിധാനങ്ങളും പൂർണമായി പ്രവർത്തിച്ചതായും അധികൃതർ അറിയിച്ചു. ഇന്ത്യന്‍ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയിലെ പ്രിഥ്വി പ്രതിരോധ സംവിധാനത്തെ അടിസ്ഥാനമാക്കിയാണ് പ്രലേ വികസിപ്പിച്ചത്. 350 മുതല്‍ 500 കിലോമീറ്റര്‍ വരെ ദൂരപരിധിയിലുള്ള ലക്ഷ്യസ്ഥാനം തകര്‍ക്കാന്‍ ശേഷിയുള്ളതാണ് മിസൈല്‍.
Indigenously developed new surface-to-surface conventional ballistic missile ‘Pralay’ successfully flight tested from Dr APJ Abdul Kalam Island today. #NewTechnologies#AmritMahotsavhttps://t.co/kGgX3RMJ4k pic.twitter.com/cz1qm6OBdy
— DRDO (@DRDO_India) December 22, 2021
തദ്ദേശീയമായി നിര്‍മ്മിച്ച മിസൈല്‍ അനായാസം കൊണ്ടുനടക്കാം എന്നതിനാല്‍ യുദ്ധമേഖലയില്‍ ഏറെ പ്രയോജനം ചെയ്യും. ഇന്റര്‍സെപ്റ്റര്‍ മിസൈലുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് അര്‍ദ്ധ ബാലിസ്റ്റിക് മിസൈലായ പ്രലേ. സഞ്ചാരപഥത്തില്‍ ഒരു നിശ്ചിത ദൂരം പിന്നിട്ട് കഴിഞ്ഞാല്‍ ദിശമാറ്റാന്‍ കഴിയുമെന്നതാണ് ഇതിൻ്റെ മറ്റൊരു പ്രത്യേകത. ആയിരം കിലോ വരെ ഭാരമുള്ള പോര്‍മുന വഹിക്കാന്‍ ശേഷിയുള്ളതാണ് മിസൈല്‍.
500-1000 കിലോഗ്രാം പേലോഡ് ശേഷിയുള്ള പ്രലേ നിർമിക്കാന്‍ 333 കോടി രൂപയാണ് ചെലവായത്. മൊബൈൽ ലോഞ്ചറിൽനിന്ന് വിക്ഷേപണം നടത്താൻ സാധിക്കുന്ന മിസൈലിൽ അത്യാധുനിക നാവിഗേഷൻ സിസ്റ്റവും ഇന്റഗ്രേറ്റഡ് ഏവിയോണിക്സും ഉൾപ്പെടുത്തിയിട്ടുണ്ട്. മിസൈൽ പരീക്ഷണം വിജയകരമാക്കിയ ഡിആർഡിഒയുടെ പ്രവർത്തനത്തെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു.
















