തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്‍പതു പേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എറണാകുളത്ത് ആറും തിരുവനന്തപുരത്ത് മൂന്നു പേരിലുമാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ കേരളത്തിലെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 24 ആയി. വിദേശത്തുനിന്നെത്തി നിരീക്ഷണത്തില്‍ കഴിയുന്ന പതിനൊന്നു വയസ്സുകാരന് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഡിസംബര്‍ 18, 19 തീയതികളില്‍ എറണാകുളം എയര്‍പോര്‍ട്ടിലെത്തിയ 6 പേരും എയര്‍പോര്‍ട്ട് പരിശോധനയില്‍ കോവിഡ് പോസിറ്റീവായിരുന്നു. അതിനാല്‍ അവരെ നേരിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ പുറത്ത് നിന്നുള്ളവരാരുമില്ല. ഡിസംബര്‍ 10ന് നൈജീരിയയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ദമ്പതികള്‍ക്ക് 17ന് നടത്തിയ തുടര്‍ പരിശോധനയിലാണ് പോസിറ്റീവായത്. ഇവരുടെ രണ്ട് മക്കള്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുണ്ട്.
ഡിസംബര്‍ 18ന് യുകെയില്‍ നിന്നും തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ പരിശോധനയിലാണ് 51കാരിയ്ക്ക് കോവിഡ് പോസിറ്റീവായത്. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ അയച്ചു. അതിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

















