മോഹൻലാൽ (Mohanlal) നായകനായി പ്രദർശനത്തിനെത്തിയ ചിത്രം ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ (Marakkar: Arabikkatalinte simham) തിയറ്ററിൽ തുടരുകയാണ്. ആമസോൺ പ്രൈമിലും ‘മരക്കാർ’ ചിത്രം റിലീസ് ചെയ്‍തിരുന്നു. നെഗറ്റീവ് അഭിപ്രായങ്ങൾ തുടക്കത്തിൽ ചിത്രം നേരിടേണ്ടി വന്നെങ്കിലും ‘മരക്കാർ’ കണ്ട് ഇഷ്‍ടപ്പെട്ടവരുടെ പ്രതീകരണങ്ങൾ വന്നതോടെ സ്വീകാര്യത ലഭിക്കുകയും ചെയ്‍തിരുന്നു. ഇപോഴിതാ മോഹൻലാലിന്റെ ‘മരക്കാർ’ ചിത്രത്തിന്റെ ഹാൻഡ് പെയിന്റ് കാർ ഡൂഡിൽ വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ്.
സജിൻ ഗോപിനാഥിന്റെ നേതൃത്തത്തിലുള്ള സംഘമാണ് ഡൂഡിൽ ചെയ്‍തിരിക്കുന്നത്. മൊഹമ്മദ് റെഷാദ്, അഗ്‍നി ബി സുരേഷ് എന്നിവർ ചേർന്നാണ് ചിത്രസംയോജനം. എംആർബി പ്രൊഡക്ഷൻസാണ് ഛായാഗ്രാഹണം. ക്രിയേറ്റീവ് ആർടിസ്റ്റ്- റെജിമോൻ ആർ നായർ, മ്യൂറൽ ആർടിസ്റ്റ്- വിനീത നിതിൻ എന്നിവരാണ്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമിച്ച ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ ദൃശ്യവിസ്‍മയമാണെന്ന് അഭിപ്രായങ്ങൾ വന്നെങ്കിലും നെഗറ്റീവ് റിവ്യൂകളും ആദ്യം നേരിടേണ്ടി വന്നു. അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യർ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേർ ചിത്രത്തിലെത്തിയിരുന്നു. തിരുവാണ് ഛായാഗ്രാഹകൻ. സംവിധായകൻ പ്രിയദർശനും അനി ഐ വി ശശിയും ചേർന്ന് തിരക്കഥ എഴുതിയിരിക്കുന്നു.
















