കൊച്ചി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ടി തോമസ് എംഎല്‍എയുടെ മൃതദേഹം ഇന്ന് രാത്രിയോടെ കൊച്ചിയിലെ വസതിയിലെത്തിക്കും. റോഡ് മാര്‍ഗമാണ് ഭൗതിക ശരീരം എറണാകുളത്ത് എത്തിക്കുക. നാളെ രാവിലെ എറണാകുളം ഡിസിസി ഓഫിസിലും കാക്കനാട് കമ്മ്യൂണിറ്റി ഹാളിലും പൊതുദര്‍ശനമുണ്ടാകും.
കൊച്ചി രവിപുരം പൊതുശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കണമെന്നാണ് പി ടി തോമസിന്റെ അന്ത്യാഭിലാഷക്കുറിപ്പ്. ചിതാഭസ്മത്തിൻ്റെ ഒരുഭാഗം ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണെന്നും അന്ത്യോപചാരസമയത്ത് ചന്ദ്രകളഭം പാട്ട് കേൾപ്പിക്കണം, റീത്ത് വയ്ക്കരുത് തുടങ്ങിയ കാര്യങ്ങളും കുറിപ്പിലുണ്ട്.
ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ പി ടിയുടെ ഭൗതിക ശരീരവുമായി വാഹനം വെല്ലൂരില്‍ നിന്ന് പുറപ്പെടും. കൊച്ചി പാലാരിവട്ടത്തെ പി ടി തോമസിൻ്റെ വസതിയില്‍ പ്രമുഖരടക്കം ആളുകള്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുകയാണ്. മൂന്ന് ദിവസത്തേക്ക് കോണ്‍ഗ്രസിൻ്റെ എല്ലാ പൊതുപരിപാടികളും റദ്ദുചെയ്തതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് അറിയിച്ചു.
വെല്ലൂര്‍ സിഎംസിയില്‍ രാവിലെ പത്തേകാലോടെയായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം. കോൺഗ്രസ് നിയമസഭാകക്ഷി സെക്രട്ടറിയും എഐസിസി അംഗവുമായിരുന്നു. തൊടുപുഴ മണ്ഡലത്തില്‍ നിന്ന് രണ്ടുതവണ നിയമസഭയിലെത്തി. ഇടുക്കി എംപിയായിരുന്നു. വീക്ഷണം എഡിറ്ററായും മാനേജിങ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. ഗ്രന്ഥകാരനും പരിസ്ഥിതി പ്രവർത്തകനുമാണ്.

















