കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിലെ (Vaccine Certificate) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (Narendra Modi) ചിത്രം നീക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ (Kerala Highcourt) സമീപിച്ച് നടപടി നേരിട്ടയാൾക്ക് പിഴയടക്കാനുള്ള സഹായത്തിനായി സമൂഹമാധ്യമങ്ങളിൽ ക്യാംപയിൻ. ആറാഴ്ചയ്ക്കകം പിഴത്തുകയായ ഒരുലക്ഷം രൂപ ഹർജിക്കാരൻ കേരള ലീഗൽ സർവ്വീസ് സൊസൈറ്റിയിൽ അടയ്ക്കണമെന്നാണ് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടത്. നൂറ് കോടി ജനങ്ങൾക്കില്ലാത്ത എന്ത് പ്രശ്നമാണ് ഹർജിക്കാരനുള്ളത് എന്ന് പരാമർശിച്ച ബഹുമാനപ്പെട്ട കോടതി അറിയണം നൂറുകോടി ജനതയിൽ ഒരു ലക്ഷംപേർക്ക് എങ്കിലും ഇതിൽ പ്രശ്നമുണ്ടെന്നും അത് വ്യക്തമാകാൻ ഒരു രൂപ വീതം സമാന നിലപാടുള്ളവർ നൽകണമെന്നാണ് ക്യാംപയിൻ ആവശ്യപ്പെടുന്നത്.
കേരളത്തിലെ പുരോഗമനവാദികളായ ജനത്തിന് ഈ ഉത്തരവാദിത്തമുണ്ടെന്നും ക്യാംപയിൻ വിശദമാക്കുന്നു. ഫാസിസം എങ്ങനെയാണ് എല്ലാ തലങ്ങളിലും അധികാരത്തിന്റെ വേരുകൾ അദൃശ്യമായി ആഴ്ത്തുന്നത് എന്നത് ഭയപ്പെടുത്തുന്ന കാര്യമാണെന്ന മുന്നറിയിപ്പും നൽകിയാണ് ക്യാംപയിൻ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഒരുരൂപ വീതം ഒരുലക്ഷം വോട്ടുകളായി രേഖപ്പെടുത്തണമെന്നാണ് ക്യാംപയിൻ സംഘാടകർ വാദിക്കുന്നത്.
രൂക്ഷമായ വിമർശനത്തോടെയാണ് കടത്തുരുത്തി സ്വദേശി പീറ്റർ മാലിപ്പറമ്പിലിൻറെ ഹർജിയിൽ കോടതി ഉത്തരവ് എത്തിയത്. യോഗ്യതയുള്ള വ്യക്തിയെയാണ് ജനം തെരഞ്ഞെടുപ്പിലൂടെ പാർലമെൻറിൽ എത്തിക്കുന്നത്. ഇവരിൽ നിന്നാണ് ഭൂരിപക്ഷം ലഭിച്ച പാർട്ടി പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ അദ്ദേഹം രാജ്യത്തിൻറെ പ്രധാനമന്ത്രിയാണ്. അതുകൊണ്ട് തന്നെ പുലർത്തുന്ന ആശയങ്ങൾ വെറെ ആണെങ്കിൽ കൂടിയും പ്രധാനമന്ത്രിയെ ബഹുമാനിക്കേണ്ട ഉത്തരവാദിത്തം പൌരന്മാർക്കുണ്ടെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വിശദമാക്കി. വാക്സിൻ സർട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന വാദത്തിനും ശക്തമായാണ് കോടതി മറുപടി നൽകിയത്.
പാർലമെൻറ് മന്ദിരത്തിലേക്ക് മേൽക്കൂര പൊളിച്ച് എത്തിയ വ്യക്തിയല്ല ഇന്ത്യയുടെ പ്രധാനമന്ത്രി. ഇന്ത്യയിലെ ജനാധിപത്യം ലോകമെങ്ങും പ്രശംസിക്കപ്പെടുന്നതാണ്. ജനങ്ങളുടെ തീരുമാനമാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തതെന്നും കോടതി വിശദമാക്കി. അടുത്ത തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് ആവശ്യമെങ്കിൽ അദ്ദേഹത്തെ മാറ്റാം. പക്ഷേ ഒരിക്കൽ ആ സ്ഥാനത്തെത്തിയാൽ അത് ആരാണെങ്കിൽ കൂടിയും പ്രധാനമന്ത്രി രാജ്യത്തിൻറെ അഭിമാനമാണെന്നും കോടതി ഹർജിക്കാരനോട് വ്യക്തമാക്കിയിരുന്നു. തീർത്തും ബാലിശമായ ഹർജിയാണ്. പൊതുതാൽപര്യമല്ല, പ്രശസ്തി താൽപര്യമാണ് ഹർജിയ്ക്ക് പിന്നിലെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടത്. പണം കൊടുത്ത് സ്വകാര്യ ആശുപത്രിയിൽ വാക്സിൻ എടുക്കുമ്പോൾ മോദിയുടെ ചിത്രം പതിക്കുന്നത് മൌലികവകാശ ലംഘനം എന്നായിരുന്നു ഹർജിക്കാരൻ വാദിച്ചത്.
















