തകർന്ന റോഡുകൾ നന്നാക്കുന്നത് സംബന്ധിച്ച യോഗത്തിൽ കരാർ കമ്പനി ഉദ്യോഗസ്ഥനോട് പൊട്ടിത്തെറിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ് (P A Mohammed Riyas). കടൽക്ഷോഭത്തിൽ തകർന്ന ശംഖുമുഖം വിമാനത്താവളം റോഡ്(Shankhumugham beach road) നന്നാക്കുന്നത് സംബന്ധിച്ച ചർച്ചയിലാണ് മന്ത്രിയുടെ അപ്രതീക്ഷിത പ്രതികരണം. കഴിഞ്ഞ ഏഴുമാസത്തോളമായി തകർന്നുകിടക്കുകയാണ് ഈ റോഡ്. റോഡ് നിർമാണം ഏറ്റെടുത്ത കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥർ പൊതുമരാമത്ത് മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കാതിരുന്നതാണ് പി എ മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചത്.
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡ് കഴിഞ്ഞ 221 ദിവസമായി അടച്ചിട്ട നിലയിലാണ്. വിമാനത്താവളത്തിലേക്ക് എത്തുന്ന യാത്രികൾ ബാഗുകളും ട്രോളികളും വലിച്ച് ഇതിലെ കൂടി പോകേണ്ട ഗതികേടും നേരിടുന്ന സാഹചര്യത്തിലാണ് മന്ത്രി ഉന്നതതലയോഗം വിളിച്ചുചേർത്തത്. സാങ്കേതിക കാരണങ്ങളാലാണ് അറ്റകുറ്റപ്പണി വൈകുന്നതെന്നായിരുന്നു കമ്പനിക്ക് വേണ്ടി യോഗത്തിൽ പങ്കെടുത്ത ജൂനിയർ ഉദ്യോഗസ്ഥൻ യോഗത്തിൽ അറിയിച്ചത്. നിർമ്മാണത്തിനായുള്ള മണ്ണ് ആരെത്തിക്കുമെന്ന തർക്കമായിരുന്നു സാങ്കേതിക കാരണം. കരാറുകാർ തന്നെ മണ്ണ് എത്തിക്കണമെന്ന് പൊതുമരാമത്ത് ഇദ്യോഗസ്ഥർ വിശദമാക്കി.
ഇതിന് പിന്നാലെയായിരുന്നു മന്ത്രി പൊട്ടിത്തെറിച്ചത്. അറ്റകുറ്റപ്പണി തീരാത്തതും പ്രധാനപ്പെട്ട യോഗത്തെ ആ പ്രാധാന്യത്തോടെ കാണാത്തതിനും മന്ത്രി കരാർ കമ്പനി ഉദ്യോഗസ്ഥന് നേരെ പൊട്ടിത്തെറിച്ചു. ഒരുപാട് നല്ല പ്രവർത്തികൾ ചെയ്തിട്ടുള്ള കമ്പനി അതുകൊണ്ട് എല്ലാമായി എന്നുള്ള ധാരണ പുലർത്തരുതെന്നും മന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ വിളിക്കുന്ന യോഗത്തിലേ നിങ്ങളുടെ മുതിർന്ന ഉദ്യോഗസ്ഥർ എത്തുകയുള്ളോയെന്നും മന്ത്രി ചോദിച്ചു. വീഴ്ച ആവർത്തിച്ചാൽ നടപടിയുണ്ടാവുമെന്ന് മന്ത്രി വിശദമാക്കിയതോടെ അറ്റകുറ്റപ്പണിയിലെ സാങ്കേതിക തടസം നീങ്ങി. ഫെബ്രുവരിയിൽ പണി പൂർത്തിയാക്കുമെന്ന വിശദമായ റിപ്പോർട്ട് കമ്പനി മന്ത്രിക്ക് നൽകി.
കടലിനോട് ചേർന്നുള്ള റോഡ് ആയതിനാൽ നിരന്തരമായ കടൽക്ഷോഭത്തിലാണ് ഇവിടെ റോഡ് തകരുന്നത്. സംരക്ഷണ ഭിത്തി ഒരുക്കുന്ന നടപടിയാണ് നിലവിൽ പുരോഗമിക്കുന്നത്. ഈ പണി പൂർത്തിയായ ശേഷം മാത്രമാകും റോഡ് പണി നടക്കുക. മന്ത്രി വിളിച്ച യോഗത്തിൽ മരാമത്ത് സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും ചീഫ് എൻജിനീയറും പങ്കെടുത്ത സമയത്ത് കരാർ കമ്പനി അയച്ചത് ജൂനിയർ ഉദ്യോഗസ്ഥനേയാണ്.

















