ന്യൂഡൽഹി; രാജ്യത്ത് ഒമിക്രോൺ കേസുകൾ ഉയരുന്നു. 11 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ ആകെ കേസുകൾ 65 ആയി. നവി മുംബൈ, പിംപ്രി ചിഞ്ച് വാട് മേഖലകളിലാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്. ജമ്മുവിലും മൂന്ന് പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി പത്ത് ശതമാനത്തിൽ കൂടുതലുളള മേഖലകളിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
രാജ്യത്താകെ ഒമിക്രോൺ ബാധിതരുടെ എണ്ണം ഇരുന്നൂറു കടന്നിട്ടുണ്ട്. ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതർ ഡൽഹിയിലും മുംബൈയിലും ആണ്. ഒമിക്രോണിന് ഡെൽട്ട വകഭേദത്തെക്കാൾ മൂന്നിരട്ടി വ്യാപന ശേഷിയുള്ളതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജില്ലാ പ്രാദേശിക അടിസ്ഥാനത്തിൽ കർശന നിരീക്ഷണവും , പരിശോധനയും ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. 10 ശതമാനത്തിന് മുകളിൽ പോസിറ്റീവിറ്റി നിര്ക്കുള്ള സ്‌ഥലങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കാനാണ് കേന്ദ്രത്തിന്റെ നിർദേശം.
















