കാളികാവ്: കോവിഡ് പ്രതിസന്ധിയിൽ സ്വകാര്യബസുകൾ ജീവനക്കാരുടെ എണ്ണം കുറച്ചപ്പോൾ സംസ്ഥാനത്ത് തൊഴിൽ നഷ്ടപ്പെട്ടത് 32,000 പേർക്ക്. വായ്പയെടുത്തും മറ്റും ബസ് വാങ്ങിയ ഉടമകൾ നിലനിൽപ്പിനായി നെട്ടോട്ടമോടുന്ന അവസ്ഥയാണ് ഈ മേഖലയിൽ.
ഡീസൽ വിലവർധനയും കോവിഡുമാണ് സ്വകാര്യ ബസ് വ്യവസായത്തെ പ്രതിസന്ധിയിലാക്കിയത്. കോവിഡിനുശേഷം 4100 സ്വകാര്യബസുകൾ സർവീസ് നിർത്തി. ജീവനക്കാരെ കുറച്ചാണ് ബസുകൾ സർവീസ് നടത്തുന്നത്. നാലു ജീവനക്കാരുണ്ടായിരുന്നത് രണ്ടും മൂന്നുമാക്കിയാണ് ഓട്ടം. ഓട്ടംനിർത്തിയ 4100 ബസുകളിൽ മാത്രം 16,000-ത്തിലേറെപ്പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ച് സർവീസ് നടത്തുന്ന ബസുകളിലെ കണക്കെടുത്താൽ 16,000 പേർക്ക് ജോലിനഷ്ടപ്പെട്ടതായും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ ഹംസ ഏരിക്കുന്നൻ പറഞ്ഞു.
ശരാശരി ഒരു ബസിന് ദിവസം 100 ലിറ്റർ ഡീസൽ വേണം. വില വർധനയെത്തുടർന്ന് ഡീസലിനു മാത്രം 2000 രൂപയിലേറെ അധികം വേണ്ടിവരുന്നുണ്ട്. വാഹന ഇൻഷുറൻസും നീക്കിവെച്ചാൽ ഉടമയ്ക്ക് ഒരു രൂപ പോലും കിട്ടാത്ത അവസ്ഥയാണ്.
സ്വകാര്യബസുകളിൽ തൊഴിലാളികൾ കമ്മിഷൻ വ്യവസ്ഥയിലാണ് ജോലിചെയ്യുന്നത്. 100 രൂപ ലഭിച്ചാൽ ഡ്രൈവർക്ക് എട്ടും മറ്റു രണ്ടുപേർക്ക് ഏഴും രൂപ വീതവുമാണ് ലഭിക്കുക. വരുമാനംകുറഞ്ഞ ബസുകൾ ബത്ത ഒഴിവാക്കി ജീവനക്കാർക്ക് ദിവസക്കൂലിയുമാക്കിയിട്ടുണ്ട്.

















