ന്യൂഡല്‍ഹി: രാജ്യത്ത് പുതിയതായി കണ്ടെത്തിയ ഒമിക്രോണ്‍ കൊവിഡ് വകഭേദത്തിന് ഡെല്‍റ്റയേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ പകരാന്‍ കഴിവുണ്ടെന്ന് ഇന്ന് കേന്ദ്രം സംസ്ഥാനങ്ങളെ അറിയിച്ചു. പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വാര്‍ റൂമുകള്‍ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
കൊവിഡ്19 ബാധിച്ച ജനസംഖ്യ, ഭൂമിശാസ്ത്രപരമായ വ്യാപനം, ആശുപത്രി അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യ പ്രവര്‍ത്തരുടെ എണ്ണം, കണ്ടെയ്ന്‍മെന്റ് സോണുകള്‍ കണ്ടെത്തല്‍, കണ്ടെയ്ന്‍മെന്റ് സോണുകളുടെ പരിധിയുടെ നിര്‍വ്വഹണം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള ഡാറ്റ ജില്ലാതലത്തില്‍ നിരന്തരം അവലോകനം ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്ത് പുറത്ത് വിടുകയും ചെയ്തു.
ഒമിക്രോണ്‍ ഭീഷണിക്ക് ഒപ്പം തന്നെ ഡെല്‍റ്റ വകഭേദം ഇപ്പോഴും സാന്നിധ്യമറിയിക്കുന്ന സംസ്ഥാനങ്ങളുണ്ടെന്നും കത്തില്‍ വ്യക്തമാക്കുന്നു. പ്രാദേശിക തലത്തിലും ജില്ലാ അടിസ്ഥാനത്തിലും തയ്യാറെടുപ്പുകള്‍ ക്രമീകരിക്കാനാണ് നിര്‍ദേശം. അപകടസാധ്യത കണക്കിലെടുത്തുവേണം പ്രവര്‍ത്തനം താഴേത്തട്ടില്‍ ഏകോപിപ്പിക്കാനെന്നും കേന്ദ്ര നിര്‍ദേശത്തില്‍ പറയുന്നു.
രോഗവ്യാപനം തടയാന്‍ ആവശ്യമെങ്കില്‍ നൈറ്റ് കര്‍ഫ്യൂ, ആള്‍ക്കൂട്ടം ഉണ്ടാകുന്ന പരിപാടികളുടെ നിയന്ത്രണം, ഓഫീസുകളിലെ ഹാജർ ക്രമീകരണം, പൊതുഗതാഗത സംവിധാനങ്ങളിലെ യാത്രക്കാരുടെ നിയന്ത്രണം എന്നിവയും ക്രമീകരിക്കാനും നിര്‍ദേശമുണ്ട്.
ആശുപത്രികളില്‍ ആവശ്യത്തിന് കിടക്കകള്‍ തയ്യാറാക്കാനും ആംബുലന്‍സ്, ഓക്‌സിജന്‍ ലഭ്യത എന്നിവ ഉറപ്പുവരുത്താനും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. പരിശോധനകളുടെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ വേണമെന്നും കത്തില്‍ പറയുന്നു.
സമ്പർക്കത്തിലുള്ളവരെ കണ്ടെത്തല്‍, ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന സ്ഥലങ്ങളിലെ നിരീക്ഷണം എന്നിവയും കര്‍ശനമാക്കണം. അതോടൊപ്പം, വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാവുമെന്ന മുന്നറിയിപ്പ് വിദഗ്ദ്ധര്‍ നല്‍കിയതിന് പിന്നാലെയാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയത്. കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിന്റെ പ്രാരംഭ സൂചനകളും ലഭിച്ചിട്ടുണ്ട്. ഫീല്‍ഡ് ഓഫീസര്‍മാരുമായുള്ള പതിവ് അവലോകനങ്ങള്‍ നടത്തി ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചാല്‍ അണുബാധയുടെ വ്യാപനം നിയന്ത്രിക്കാനാവും എന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി പറഞ്ഞു.
















