ബംഗളൂരു: നിർബന്ധിത മതപരിവരിവർത്തന നിരോധന ബിൽ നിമയസഭയിൽ അവതരിപ്പിച്ച് കർണാടക സർക്കാർ. ബിൽ നാളെ മുതൽ സഭ ചർച്ച ചെയ്യുമെന്ന് സ്പീക്കർ അറിയിച്ചു. നിർബന്ധിത മതമാറ്റം നടത്തുവർക്ക് 10 വർഷം വരെ തടവ് ശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും നിർദ്ദേശിക്കുന്നതാണ് ബിൽ. കർണാടക ആഭ്യന്തരമന്ത്രി അരഗാ ജ്ഞാനേന്ദ്രയാണ് ബില്ല് സഭയിൽ അവതരിപ്പിച്ചത്.
പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ ശക്തമായി എതിർത്തു. മതപരിവര്‍ത്തന നിരോധന ബില്ലിന്റെ കോപ്പി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി കെ ശിവകുമാർ കീറിയെറിഞ്ഞു. കോൺഗ്രസ് പ്രതിനിധികൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ന്യൂനപക്ഷങ്ങളെ ഭീതിയിലാക്കാനുള്ള ഗൂഢലക്ഷ്യമാണ് ബില്ലിന് പിന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാര്‍ തീ കൊണ്ട് കളിക്കുകയാണെന്ന് ബെംഗ്ലൂരു ആര്‍ച്ച് ബിഷപ്പ് തുറന്നടിച്ചു. ബില്ലില്‍ നാളെയും ചര്‍ച്ച തുടരും.
നിർബന്ധിച്ചോ, സമ്മർദം ചെലുത്തിയോ, കബിളിപ്പിച്ചോ, വിവാഹ വാഗ്ദാനം നൽകിയോ മതപരിവർത്തനം നടത്തുന്നത് പുതിയ നിയമപ്രകാരം കുറ്റകരമായിരിക്കും. മതം മാറ്റപ്പെട്ട വ്യക്തിയുടെ കുടുംബം നൽകുന്ന പരാതി പ്രകാരം പോലീസിന് കേസെടുക്കാം.
ജനറൽ വിഭാഗത്തിലുള്ളവരെ മതം മാറ്റിയാൽ മൂന്ന് വർഷം മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷയോ, 25,000 രൂപ പിഴയോ ലഭിക്കുന്ന കുറ്റമാണ്. പ്രായപൂർത്തിയാകാത്ത വ്യക്തി, ന്യൂനപക്ഷം, സ്ത്രീകൾ, എസ്സി/എസ്ടി എന്നീ വിഭാഗത്തിൽപ്പെട്ടവരെ മതം മാറ്റിയാൽ മൂന്ന് വർഷം മുതൽ പത്ത് വർഷം വരെ തടവ് ലഭിക്കുകയും, 50,000 രൂപ പിഴ ഈടാക്കുകയും ചെയ്യും. മതപരിവർത്തനം ലക്ഷ്യം വച്ചുള്ള വിവാഹം അസാധുവാക്കാനും ബില്ലിൽ വകുപ്പുകളുണ്ട്.
സംസ്ഥാനത്ത് നിയമം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
















