കൊച്ചി: അഞ്ച് മക്കൾക്ക് പോലീസ് അഞ്ച് ലക്ഷം രൂപ വിലയിട്ട സംഭവത്തിൽ പ്രതികളായ പെൺകുട്ടിയുടെ സഹോദരന്മാർക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ച് എറണാകുളം പോക്സോ കോടതി ഉത്തരവായി. പെൺകുട്ടിയുടെ കോടതിയിലെ സാക്ഷിവിസ്താരം കഴിയുന്നതുവരെ വരെ പെൺകുട്ടി താമസിക്കുന്ന സ്ഥലത്ത് കയറാനോ ബന്ധപ്പെടുവാനോ പ്രതികൾക്ക് അനുവാദമില്ല.
പ്രതികൾക്ക് തുടക്കത്തിൽ ജാമ്യം അനുവദിച്ചപ്പോൾ എറണാകുളം ജില്ലയിൽ പ്രവേശിക്കരുത് എന്നൊരു കർശന വ്യവസ്ഥ ഉണ്ടായിരുന്നു. ആ വ്യവസ്ഥയാണ് ഇപ്പോൾ കോടതി പുതുക്കി നിർണ്ണയിച്ചത്.
പെൺകുട്ടിയെ പ്രായപൂർത്തിയാകുന്നതിനു മുൻപ് സ്വന്തം സഹോദരങ്ങൾ നിരന്തരം പീഡിപ്പിച്ചു എന്നായിരുന്നു പോലീസ് കേസ്. എന്നാൽ കേസ് കോളിളക്കം സൃഷ്ടിച്ചതോടെ ഹൈക്കോടതി സ്വമേധയാ മൂന്നോളം ഹർജികൾ എടുക്കുകയും തുടർന്ന് പോലീസിന് അതിരൂക്ഷമായ വിമർശനം ഹൈക്കോടതിയിൽ നിന്ന് നേരിടുകയും ചെയ്തിരുന്നു.
നിലവിൽ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത് .പെൺകുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് കൈക്കൂലി ചോദിച്ചതിന് ഒരു എ എസ് ഐ സസ്പെൻഷനിലാണ്. നിലവിൽ ഇയാൾ വകുപ്പുതല നടപടി നേരിട്ടുകൊണ്ടിരിക്കുകയാണ്. കേസിന്റെ ആദ്യഘട്ടത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ രൂക്ഷമായ ഭാഷയിലാണ് പോലീസിനെതിരെ പ്രതികരിച്ചത്. ചോദിച്ച കൈക്കൂലി കൊടുക്കാത്തതിനാൽ തങ്ങളുടെ എല്ലാ മക്കളെയും കള്ളക്കേസിൽ പെടുത്തി എന്നാണ് മാതാപിതാക്കളുടെ ആക്ഷേപം.

















