ന്യൂഡല്‍ഹി: ഇന്ത്യാ വിരുദ്ധതയും തെറ്റായ വാര്‍ത്തകളും പ്രചരിപ്പിക്കുന്ന 20 യൂട്യൂബ് ചാനലുകളും രണ്ട് വാര്‍ത്താ വെബ്‌സൈറ്റുകളും നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യുട്യൂബ് ചാനലുകളാണ് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം നിരോധിച്ചത്. രണ്ട് പ്രത്യേക ഉത്തരവുകളിലൂടെയാണ് യൂട്യൂബ് ചാനലുകളും വാര്‍ത്താ വെബ്‌സൈറ്റുകളും നിരോധിച്ചത്.
മന്ത്രാലയം രണ്ട് ഉത്തരവുകളാണ് പുറപ്പെടുവിച്ചത്. ഒന്ന് വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബിനോട് 20 ചാനലുകൾ ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശിച്ചു. രണ്ടാമത്തെ ഉത്തരവില്‍ രണ്ട് വാർത്താ വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യാനും നിർദേശം നല്‍കി.
ദി പഞ്ച് ലൈന്‍, ഇന്റര്‍നാഷണല്‍ വെബ് ന്യൂസ്, ഖല്‍സ ടി.വി, ദി നേക്കഡ് ട്രൂത്ത്, 48 ന്യൂസ്, ന്യൂസ്24, ഫിക്ഷണല്‍, ഹിസ്റ്റോറിക്കല്‍ ഫാക്ട്‌സ്, പഞ്ചാബ് വൈറല്‍, നയാ പാകിസ്താന്‍ ഗ്ലോബല്‍, കവര്‍ സ്റ്റോറി, ഗോ ഗ്ലോബല്‍, ഇ-കൊമേഴ്സ്, ജുനൈദ് ഹലീം ഒഫീഷ്യല്‍, തയ്യബ് ഹനീഫ്, സെയിന്‍ അലി ഒഫീഷ്യല്‍, മൊഹ്സിന്‍ രജ്പുത്, ഒഫീഷ്യല്‍, കനീസ് ഫാത്തിമ, സദാഫ് ദുറാനി, മിയാന്‍ ഇമ്രാന്‍, അഹ്മദ്, നജാം ഉല്‍ ഹസ്സന്‍, ബജ്‌വ തുടങ്ങിയവയാണ് ഇന്ത്യയില്‍ നിരോധിച്ച ചാനലുകള്‍. കശ്മീര്‍ ഗ്ലോബല്‍, കശ്മീര്‍ വാച്ച് എന്നിവയാണ് നിരോധിച്ച വെബ്സൈറ്റുകള്‍.
കശ്മീര്‍, ഇന്ത്യന്‍ ആര്‍മി, രാജ്യത്തെ ന്യൂനപക്ഷ സമൂഹം, രാമക്ഷേത്രം, ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ജനറല്‍ ബിപിന്‍ റാവത്ത് എന്നിവരെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങള്‍ ഈ ചാനലുകളും സൈറ്റുകളും പ്രചരിപ്പിച്ചിരുന്നു.
















