ന്യൂഡല്‍ഹി: കെ റെയില്‍ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. പരിസ്ഥിതിനാശത്തെ കുറിച്ചും നഷ്ടപരിഹാരത്തെ കുറിച്ചും കൃത്യമായ ഉത്തരം നല്‍കാന്‍ കേന്ദ്രത്തിന് കഴിയുന്നില്ലെന്നാണ് തരൂരിന്റെ കുറ്റപ്പെടുത്തല്‍.
സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്നതിന് മുന്‍പ് എല്ലാവരുമായി കൂടിയാലോചന നടത്തണം. പരിസ്ഥിതി നാശം, നഷ്ടപരിഹാരം എന്നിവയില്‍ നിലപാട് വ്യക്തമാക്കണമെന്നും ശശി തരൂര്‍ എംപി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു എംപിയുടെ പ്രതികരണം.
കെ-റെയില്‍ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സും ശശി തരൂരും ഇരു തട്ടുകളിലാണ്. സര്‍ക്കാറിന് പറയാനുള്ളത് കേള്‍ക്കാതെ പദ്ധതിയെ തള്ളിക്കളയുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ശശി തരൂര്‍ പറഞ്ഞിരുന്നു. ആശയപരമായി എതിർഭാഗത്തുള്ളവർ മുന്നോട്ടുവെക്കുന്ന എന്തിനെയും എതിർക്കുകയെന്ന നിലപാട് ശരിയല്ലെന്നാണ് തരൂര്‍ പറഞ്ഞത്.
കെ റെയിലിനെതിരെ യു.ഡി.എഫ് എം.പിമാര്‍ റെയില്‍വെ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ തരൂര്‍ എം.പി ഒപ്പുവച്ചിരുന്നില്ല. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം. എന്നാല്‍ നിവേദനത്തില്‍ ഒപ്പിടാത്തതിനാല്‍ താന്‍ പദ്ധതിയെ അനുകൂലിക്കുകയാണെന്ന വാദം തെറ്റാണെന്ന് തരൂര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
അതേസമയം കേരളത്തില്‍ കെ റെയില്‍ നടപ്പിലാക്കുന്നതിനെതിരായ പാര്‍ട്ടി നിലപാടിന് ഒപ്പം തരൂര്‍ നില്‍ക്കാത്തതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും അതൃപ്തിയുണ്ട്. പൊതുനയങ്ങളില്‍ വ്യക്തികളുടെ അഭിപ്രായത്തിന് പ്രാധാന്യമില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. പാര്‍ട്ടി നയത്തിന് പുറത്തേക്ക് തരൂര്‍ പോകില്ലെന്ന് കെ.സി വേണുഗോപാല്‍ പ്രതികരിച്ചു.

















