ന്യൂഡല്‍ഹി: രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
2014-ന് മുന്‍പ് ”ലിഞ്ചിങ്” എന്ന വാക്ക് കേള്‍ക്കാന്‍പോലും ഇല്ലായിരുന്നു. നന്ദി മോദിജീ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. 2014-ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിച്ചതെന്ന് പരോക്ഷമായി സൂചിപ്പിക്കുന്നതായിരുന്നു രാഹുലിന്റെ ട്വീറ്റ്.
രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ബിജെപി ഐടി സെൽ കൺവീനർ അമിത് മാളവ്യ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ആള്‍ക്കൂട്ട ആക്രമണങ്ങളുടെ പിതാവ് രാജീവ് ഗാന്ധിയാണെന്ന് മാളവ്യ പറഞ്ഞു. ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ രാജ്യത്ത് നടന്ന സിഖ് കൂട്ടക്കൊലയെ ന്യായീകരിച്ചവരാണ് കോൺഗ്രസുകാരെന്നും അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
‘ആൾക്കൂട്ടക്കൊലയുടെ പിതാവായ രാജീവ് ഗാന്ധിയെ കാണൂ..സിഖുകാർക്കെതിരായ രക്തരൂക്ഷിത വംശഹത്യയെ ന്യായീകരിക്കുകയാണ്. ‘രക്തത്തിന് രക്തംകൊണ്ട് പ്രതികാരം ചെയ്യൂ’ എന്ന മുദ്രാവാക്യവുമായി കോൺഗ്രസുകാർ തെരുവുകൾ മുഴുവൻ കീഴടക്കി. സ്ത്രീകളെ ബലാത്സംഗം ചെയ്തു. സിഖുകാരുടെ കഴുത്തിൽ കത്തുന്ന ടയറുകൾ അണിയിച്ചു, അഴുക്കുചാലുകളിൽ സിഖുകാരുടെ മൃതദേഹങ്ങൾ നായ്ക്കൾ കടിച്ചുവലിക്കുകയായിരുന്നു’-രാജീവ് ഗാന്ധി പ്രസംഗിക്കുന്ന വീഡിയോയുടെ കൂടെ അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
1969 മുതൽ 1993 വരെ കോൺഗ്രസ് ഭരണകാലത്ത് നടന്ന കലാപങ്ങളുടെ ലിസ്റ്റും മാളവ്യ പോസ്റ്റ് ചെയ്തു. ”അഹമ്മദാബാദ് (1969), ജാൽഗോൺ (1970), മൊറാദാബാദ് (1980), നെല്ലി (1983), ഭിവണ്ടി (1984), ഡൽഹി (1984), അഹമ്മദാബാദ് (1985), ഭഗൽപൂർ (1989), ഹൈദരാബാദ് (1990) കാൺപൂർ (1992), മുംബൈ (1993)…..”
”ഇത് ചെറിയൊരു ലിസ്റ്റാണ്, നെഹ്‌റു-ഗാന്ധി പരിവാറിന് കീഴിൽ നൂറിലേറെപ്പേർ കൊല്ലപ്പെട്ടിട്ടുണ്ട്”-മാളവ്യ ട്വീറ്റ് ചെയ്തു.
















