പാലക്കാട്: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകൻ സഞ്ജിത്തിനെ കൊല്ലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹര്‍ജി നൽകി. സഞ്ജിത്തിന്റെ ഭാര്യ അർഷികയാണ് ഹൈക്കോടതിയെ സമീപിച്ചത്. നിലവിലെ അന്വേഷണത്തിൽ തൃപ്തരല്ലെന്നും കുടുംബം ഹര്‍ജിയിൽ പറയുന്നു. ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യമാണെന്നും ഹർജിയിൽ പറയുന്നു.
ആര്‍എസ്എസ് പ്രവര്‍ത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ട് മുപ്പത്തിയെട്ട് ദിവസം കഴിഞ്ഞിട്ടും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മുഴുവൻ പ്രതികളേയും പൊലീസിന് പിടികൂടനായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ നവംബര്‍ 15നാണ് ആർഎസ്എസ് പ്രവര്‍ത്തകൻ സഞ്ജിത്ത് വെട്ടേറ്റ് മരിച്ചത്. കൊലപാതകം നടന്ന ഒരു മാസം പിന്നിടുമ്പോഴും മൂന്ന് പ്രതികളെ മാത്രമാണ് പൊലീസിന് പിടികൂടാൻ കഴിഞ്ഞത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുൽസലാം, ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവരെയാണ് പിടികൂടിയത്.
പ്രതികളുടെ പേരും വിവരങ്ങളും ഇതിനോടകം കണ്ടെത്താനായിട്ടുണ്ടെന്നും, ഇവരുടെ വീടുകളിലും ഇവരെത്താനിടയുള്ള സ്ഥലങ്ങളിലും നിരീക്ഷണവും പരിശോധനയും തുടരുകയാണെന്നുമാണ് നിലവിലെ അന്വേഷണം സംഘം പറയുന്നത്. കഴിഞ്ഞമാസം പതിനഞ്ചിന് പട്ടാപ്പകല്‍ ഭാര്യയുടെ മുന്നിലിട്ടാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയത്.

















