പത്തനംതിട്ട : പത്തനംതിട്ട (Pathanamthitta) ആനിക്കാട്ട് ചായക്കടയിൽ (Tea Shop) സ്ഫോടനം (Blast). ആറ് പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ സ്ഥിതി ഗുരുതരമാണ്. ഒരാളുടെ കൈപ്പത്തി അറ്റുപോയി. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവമുണ്ടായത്. സണ്ണി ചാക്കോ, ബേബിച്ചൻ, പി എം ബഷീർ, കുഞ്ഞിബ്രാഹിം, രാജശേഖരൻ, ജോൺ ജോസഫ് എന്നിവർക്കാണ് പരിക്കേറ്റത്.
സ്ഫോടനത്തിൽ സണ്ണി ചാക്കോ എന്നയാളുടെ കൈപ്പത്തിയാണ് തകർന്നത്. സമീപത്തുണ്ടായിരുന്ന ബേബിച്ചൻ എന്നയാൾക്കും സാരമായി പരുക്കേറ്റു. കിണറുകളിലെ പാറ പൊട്ടിക്കുന്ന ജോലി ചെയ്യുന്ന ആളാണ് സണ്ണി. ചായക്കടയിൽ എത്തിയ സണ്ണിയുടെ കൈവശമുണ്ടായിരുന്ന സഞ്ചിയിൽ നിന്നാണ് സ്ഫോടനമുണ്ടായത്. സാരമായി പരുക്കേറ്റ സണ്ണിയേയും ബേബിച്ചനേയും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കടയുടമ ബഷീർ അടക്കം പരുക്കേറ്റ മൂന്നുപേരെ മല്ലപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയിൽ കടയിലെ സോഡാക്കുപ്പികളും അലമാരയുടെ ചില്ലുകളും ചിതറിത്തെറിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

















