കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ യോഗം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച നടന്‍ ഷമ്മി തിലകനെതിരെ നടപടിക്കൊരുങ്ങി സംഘടന. അടുത്ത അമ്മ എക്‌സിക്യുട്ടീവ് യോഗത്തിൽ ചർച്ച ചെയ്ത് നടപടി സ്വീകരിക്കാനാണ് തീരുമാനം. ഷമ്മി തിലകനെതിരെ നടപടിയെടുക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ഞായറാഴ്ച കൊച്ചിയിൽ നടന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനിടെ നടന്ന ചര്‍ച്ചകള്‍ ഷമ്മി തിലകന്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരുന്നു. ഇത് കണ്ട മറ്റൊരു താരം സംഘടനാ നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് അംഗങ്ങളില്‍ ചിലര്‍ ഷമ്മിക്കെതിരെ നടപടിവേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ ഉടന്‍ നടപടിവേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്. ഷമ്മി തിലകൻ്റെ നടപടിയില്‍ ജനറല്‍ ബോഡി യോഗം താക്കീത് ചെയ്തിരുന്നു. എന്നാൽ നടനെതിരെ നടപടി ആവശ്യമാണെന്ന് താരങ്ങളിൽ ചിലർ ഉറച്ച് നിന്നു. തുടർന്നാണ് വിഷയം അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്യാൻ ധാരണയായത്.
















