ഗുരുവായൂർ: പ്രശസ്ത സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍(69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഗുരുവായൂരിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. നിരവധി സിനിമകളുടെ ഭാഗമായി പ്രവർത്തിച്ച സുനിൽ താരങ്ങളുടെ മികച്ച ചിത്രങ്ങൾ പകർത്തി സ്വന്തം മേഖലയിൽ തന്റെതായ ഇടം സ്വന്തമാക്കിയ ആളാണ്.
ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം കുറച്ചുകാലമായി ചലച്ചിത്ര രംഗത്തുനിന്നു വിട്ടുനില്‍ക്കുകയായിരുന്നു സുനില്‍. ഭരതന്‍ സംവിധാനം ചെയ്ത വൈശാലിയിലൂടെയാണ് സിനിമയിലെത്തുന്നത്. ഒട്ടേറെ സിനിമകൾക്ക് നിശ്ചല ഛായാഗ്രഹണം നിർവ്വഹിച്ചിരുന്നു. 2014ല്‍ പുറത്തിറങ്ങിയ ഒന്നും മിണ്ടാതെ എന്നു ചിത്രത്തിനു വേണ്ടിയാണ് സുനില്‍ അവസാനമായി നിശ്ചല ഛായാഗ്രഹണം നിര്‍വഹിച്ചത്. ഇദ്ദേഹത്തിന്‍റെ ക്യാമറയില്‍ പതിയാത്ത താരങ്ങള്‍ ചുരുക്കമാണ്.
”സ്റ്റിൽ ഫോട്ടോഗ്രാഫർ എന്നത് അസിസ്റ്റന്‍റ് ഡയറക്ടർ ഉം പ്രൊഡക്ഷൻ സഹായിയും പുതിയ ഒരു സംവിധായകന് ധൈര്യം കൊടുക്കുന്ന ആളും ഒക്കെയാണ് എന്ന് ‘പാസഞ്ചര്‍’ ഷൂട്ട് ചെയ്യുമ്പോൾ എനിക്ക് മനസ്സിലാക്കി തന്ന വലിയ എളിയ മനുഷ്യൻ”- എന്ന് സുനിൽ ഗുരുവായൂരിൻ്റെ വേർപാടിൽ സംവിധായകൻ രഞ്ജിത്ത് ശങ്കർ ഫേസ്ബുക്കിൽ കുറിച്ചത്. ഭാര്യ അംബിക, മക്കള്‍ അനിത, അനില്‍. ചലച്ചിത്ര രംഗത്തെ പ്രമുഖർ സുനിൽ ഗുരുവായൂരിന് ആദരാഞ്ജലികൾ അർപ്പിച്ചു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Franjithsankar.dnb%2Fposts%2F10160043968188792&show_text=true&width=500
















