ആലപ്പുഴ: ആലപ്പുഴയിലെ കൊലപാതകങ്ങളിൽ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം പ്രാഥമികഘട്ടത്തിലെന്ന് എഡിജിപി. സാമൂഹികമാധ്യമങ്ങളിലെ പ്രകോപനപരമായ പോസ്റ്റുകള്‍ നിരീക്ഷിക്കുന്നുണ്ട്. ഷാനിൻ്റെ വധത്തിൽ രണ്ടുപേർ അറസ്റ്റിലായിട്ടുണ്ട്. നിരവധി പേര്‍ കസ്റ്റഡിയിലുണ്ട്. അവരെ ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ മാത്രമേ കേസില്‍ കൂടുതല്‍ വ്യക്തത വരുകയുള്ളുവെന്നും വിജയ് സാഖറേ മാധ്യമങ്ങളോട് പറഞ്ഞു.
ചോദ്യം ചെയ്യലിൻ്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കും. ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന ബൈക്കുകള്‍ കണ്ടെത്തിയതായി എഡിജിപി സ്ഥിരീകരിച്ചു. കേസില്‍ ഗൂഢാലോചന ഭാഗവും അന്വേഷിച്ച് വരികയാണ്. ഇരു കൊലപാതകവും അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. അന്വേഷണം നല്ലരീതിയിലാണ് മുന്നോട്ടുപോകുന്നത്.

















