ആലപ്പുഴ: ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ക്രിമിനല്‍ നടപടിക്രമം- 144 പ്രകാരം ആലപ്പുഴ ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഡിസംബര്‍ 22-ന് രാവിലെ ആറുവരെ ദീര്‍ഘിപ്പിച്ചു. ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ജില്ലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായുള്ള ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് കർശന പരിശോധനക്ക് ഡി.ജി.പിയുടെ നിർദേശമുണ്ട്. അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനാംഗങ്ങളെയും ഇതിനായി നിയോഗിക്കും. വളരെ അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമേ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിക്കൂ. സംസ്ഥാനത്ത് രാത്രിയും പകലും വാഹനപരിശോധന കര്‍ശനമാക്കും. പ്രശ്നസാധ്യതയുളള സ്ഥലങ്ങളില്‍ ആവശ്യമായ പൊലീസ് പിക്കറ്റ് ഏര്‍പ്പെടുത്തും. വാറന്‍റ് നിലവിലുളള സാമൂഹ്യവിരുദ്ധരെ പിടികൂടാന്‍ പ്രത്യേക പദ്ധതി നടപ്പിലാക്കും. ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കുകയും കൃത്യമായ പരിശോധന നടത്തുകയും ചെയ്യും.
അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ജാഥ നടത്തുന്നതിനും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തും. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും അവരവരുടെ ആസ്ഥാനത്ത് ഉണ്ടായിരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചു.
ആലപ്പുഴയില്‍ 12 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങള്‍ നടന്ന സാഹചര്യത്തിലാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 18ാം തീയതി വൈകീട്ടാണ് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇതിനു തൊട്ടുപിന്നാലെ 19ന് പുലര്‍ച്ചെ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ ഒരുസംഘം ആളുകള്‍ വെട്ടിക്കൊന്നു.
തുടര്‍സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ പ്രത്യേക പെട്രോളിങ് നടത്താനും വാഹന പരിശോധന കര്‍ശനമാക്കാനും നിര്‍ദേശമുണ്ടായിരുന്നു.
ജില്ലയില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായുള്ള സര്‍വ്വകക്ഷി യോഗം ചൊവ്വാഴ്ച(ഡിസംബര്‍ 21) വൈകുന്നേരം നാലിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. ജില്ലയുടെ ചുമതലയുള്ള ഫിഷറീസ്- സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, കൃഷിമന്ത്രി പി. പ്രസാദ് എന്നിവരുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ എം.പിമാര്‍, എം.എല്‍.എമാര്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

















