ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ഇന്ന് അറസ്റ്റിലായ രാജേന്ദ്ര പ്രസാദ്, രതീഷ് എന്നിവരാണ് റിമാന്‍ഡിലായത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ഇരുവരും. പത്തു പ്രതികളാണ് കേസില്‍ ആകെയുള്ളത്. പ്രതികളെ 14 ദിവസത്തേക്കാണ് ആലപ്പുഴ ജെഎഫ് സി എം കോടതി റിമാൻഡ് ചെയ്തത്.
ആർ.എസ്.എസ് ആലപ്പുഴ ജില്ലാ കാര്യാലയത്തിൽ നിന്ന് ഇന്നലെയാണ് രാജേന്ദ്ര പ്രസാദിനെയും രതീഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല ആസൂത്രണം ചെയ്തത് താനാണെന്ന് രാജേന്ദ്ര പ്രസാദ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. കൊലയാളി സംഘത്തിനെ ഏകോപിപ്പിച്ചതും, വാഹനം ഏർപ്പാടാക്കിയതും ഇയാളാണ്. കൊച്ചുകുട്ടൻ എന്ന വെണ്മണി സ്വദേശി രതീഷാണ് വാഹനം സംഘത്തിനെത്തിച്ചു നൽകിയത്.
അതേസമയം, കൊലപാതകത്തിൽ പ്രതികൾ ഉപയോഗിച്ചെന്ന് സംശയിക്കുന്ന കാർ കണ്ടെത്തിയിരുന്നു. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്തുനിന്നാണ് കാർ പൊലീസ് കണ്ടെത്തിയത്. ഇത് പ്രതികൾ ഉപയോഗിച്ച കാർ തന്നെയാണെന്നാണ് പൊലീസ് പറയുന്നത്.
ഷാൻ വധത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത പ്രസാദ്, രതീഷ് എന്നിവരെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ട് കൊലപാതകങ്ങൾക്കും പിന്നിലെ രാഷ്ട്രീയഗൂഢാലോചനയെക്കുറിച്ച് വിശദമായ അന്വേഷണമുണ്ടാവും എന്നും എഡിജിപി വ്യക്തമാക്കിയിരുന്നു.

















