തിരുവനന്തപുരം: സമാധാന കേരളത്തെ ഇല്ലാതാക്കാൻ രണ്ട് വിഭാഗം വർഗീയ ശക്തികൾ ശ്രമിക്കുന്നുവെന്ന് സിപിഐഎം. മതവർഗീയത പരത്തി ജനങ്ങളിൽ അകൽച്ചയുണ്ടാക്കി വർഗീയ ലഹളയുണ്ടാക്കാൻ ലക്ഷ്യമിടുന്നു. നിഷ്‌ഠൂരമായ പരസ്‌പര കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.
കേരളത്തെ ചോരക്കളമാക്കാനുള്ള വർഗീയ ശക്തികളുടെ തീക്കളിക്കെതിരെ എല്ലാ മതനിരപേക്ഷ വിശ്വാസികളും കുടുംബങ്ങളും ഉണര്‍വോടെയും ജാഗ്രതയോടെയും രംഗത്തു വരണം. എല്‍ഡിഎഫ് ഭരണത്തില്‍ കേരളം രാജ്യത്തെ ഏറ്റവും മികച്ച ക്രമസമാധാനമുള്ള സംസ്ഥാനമാണ്. അതില്ലാതാക്കാനുള്ള ബോധപൂര്‍വ്വമായ യജ്ഞത്തിലാണ് വർഗീയ ശക്തികള്‍. മതവർഗീയത പരത്തി ജനങ്ങളില്‍ സ്‌പര്‍ദ്ധയും അകല്‍ച്ചയും ഉണ്ടാക്കി നാട്ടില്‍ ലഹളയുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതിനു വേണ്ടി സമൂഹ മാധ്യമങ്ങളെയടക്കം ദുരുപയോഗപ്പെടുത്തുന്നുണ്ട്.ആലപ്പുഴയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് വര്‍ഗ്ഗീയ ശക്തികള്‍ മത്സരിച്ച് നടത്തിയ കൊലപാതകങ്ങള്‍ മനുഷ്യത്വത്തേയും സമാധാന ജീവിതത്തേയും വെല്ലുവിളിക്കുന്നതാണ്. എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറിയെ സ്‌കൂട്ടറില്‍ കാറിടിച്ചിട്ട് ബിജെപിക്കാര്‍ അരുംകൊല ചെയ്‌തപ്പോള്‍ ബിജെപി നേതാവിനെ വീടുകയറി എസ്‌ഡിപിഐക്കാര്‍ നിഷ്‌ഠൂരമായി കൊല്ലുകയായിരുന്നു.
സംസ്ഥാനത്ത് നിലനില്‍ക്കുന്ന സമാധാനജീവിതത്തെ തകിടം മറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ ആക്രമണങ്ങള്‍. അക്രമ ശക്തികള്‍ക്കെതിരെ കര്‍ശനമായ ഭരണ-പോലീസ് നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നീങ്ങിയത് ആശ്വാസകരമാണ്. രണ്ട് കൊലപാതകങ്ങളിലേയും കുറ്റവാളികളേയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരേയും പിടികൂടാന്‍ കര്‍ശന നടപടിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന വർഗീയ ശക്തികള്‍ക്കും അക്രമകാരികള്‍ക്കുമെതിരായ ഭരണത്തിന്‍റെ നിശ്ചയദാര്‍ഢ്യം വ്യക്തമാക്കുന്നതാണ്.
കൊലപാതക ശക്തികള്‍ തന്നെ എല്‍ഡിഎഫ് ഭരണത്തെ കുറ്റപ്പെടുത്താന്‍ ഇറങ്ങിയിരിക്കുന്നത് അതിശയകരമാണ്. കേരളം നിയമവാഴ്‌ചയില്ലാത്ത സംസ്ഥാനമായി മാറിയെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ പ്രസ്‌താവന അവരുടെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാക്കുന്നതാണ്. ബിജെപിയുടെ സ്വരം തന്നെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളില്‍ കേള്‍ക്കുന്നതെന്നും സിപിഎം ചൂണ്ടിക്കാട്ടി.
ഇതിനിടെ ആലപ്പുഴയിലെ കൊലപാതകങ്ങളിൽ അപലപിച്ച് സ്പീക്കർ എം ബി രാജേഷ്. ജനാധിപത്യ വാദികൾ കൊലപാതക രാഷ്ട്രീയത്തിനെതിരെ രംഗത്ത് വരണമെന്ന് അദ്ദേഹം പറഞ്ഞു. പരസ്പര ഏറ്റുമുട്ടലിലേക്ക് നാടിനെ നയിക്കുന്നത് വർഗീയ ശക്തികളാണെന്നും സ്പീക്കർ പ്രതികരിച്ചു. അതേസമയം കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കൊലപാതകങ്ങൾക്ക് പിന്നിലുള്ളവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

















