കൊല്ലം: കെ റെയിൽ സ്ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധം. കൊല്ലം കൊട്ടിയം വഞ്ചിമുക്കിലാണ് സംഭവം ഉണ്ടായത്. റിട്ടയേർഡ് കെഎസ്ആർടിസി ഉദ്യോഗസ്ഥൻ ജയകുമാറും കുടുംബവുമാണ് ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധിച്ചത്. കയ്യിൽ ലൈറ്ററുമായാണ് കുടുംബം പ്രതിഷേധിച്ചത്. സ്ഥലമേറ്റെടുപ്പിന്‍റെ ഭാഗമായി കല്ലിടാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. പിന്നാലെ പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. കെ റെയില്‍ പദ്ധതി വന്നാല്‍ വീട് പൂര്‍ണമായി നഷ്ടപ്പെടുമെന്ന് വീട്ടുടമസ്ഥന്‍ പറയുന്നു.
മറ്റൊരു വീട്ടില്‍ അടുക്കളയുടെ ഭാഗത്താണ് കല്ലിടല്‍ കര്‍മ്മം നടത്തിയത്. കെ റെയില്‍ പദ്ധതി യാഥാര്‍ഥ്യമായാല്‍ വീട് പൂര്‍ണമായി നഷ്ടപ്പെടുമെന്ന് ഈ കുടുംബവും പറയുന്നു. നിലവില്‍ തന്നെ 20 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. ഭാര്യയ്ക്കും ഭര്‍ത്താവിനും ജോലിയില്ല. മക്കള്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. വീട് നഷ്ടപ്പെട്ടാല്‍ എവിടേയ്ക്ക് പോകും. ആത്മഹത്യയല്ലാതെ മറ്റു പോംവഴികളില്ലെന്ന് കുടുംബം പറയുന്നു. മുന്‍കൂട്ടി അറിയിക്കാതെയാണ് കല്ലിടല്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ എത്തിയതെന്നും കുടുംബം ആരോപിച്ചു.
ഇതിനിടെ, മലപ്പുറം ജില്ലയിലെ കെ റെയിൽ ഓഫീസ് താഴിട്ട് പൂട്ടി യൂത്ത് ലീഗ് പ്രതിഷേധിച്ചു. പരപ്പനങ്ങാടിയിൽ ഇന്ന് പ്രവർത്തനം ആരംഭിക്കാനിരുന്ന ഓഫീസാണ് യൂത്ത് ലീഗ് പ്രവർത്തകർ താഴിട്ട് പൂട്ടിയത്. രാവിലെ 10 മണിയോടെ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ഉപരോധം നടന്നത്. ജീവനക്കാരെ തടഞ്ഞു നിർത്തി പ്രതിഷേധിച്ചു, ഓഫീസിന് അകത്തുകയറാൻ അനുവദിച്ചില്ല. തുടർന്ന് പോലീസ് എത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. കെ.റെയിലിനെ സംബന്ധിച്ച് ഇത്രയും വിവാദങ്ങൾ നിലനിൽക്കുമ്പോൾ രഹസ്യമായി ഓഫീസ് പ്രവർത്തനം തുടങ്ങാനായിരുന്നു പദ്ധതിയെന്ന് യൂത്ത് ലീഗ് പ്രവർത്തകർ ആരോപിച്ചു.

















