ആറ്റിങ്ങൽ: എട്ടുവയസുകാരിെയ പിങ്ക് പോലീസ് അപമാനിച്ച കേസില്‍ നഷ്ടപരിഹാരം നല്‍കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഉദ്യോഗസ്ഥയെ സംരക്ഷിച്ചാണ് കോടതിയില്‍ സര്‍ക്കാർ നിലപാട്. കുട്ടിയുടെ മൗലികാവകാശം ലംഘിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥയ്ക്ക് പരമാവധി ശിക്ഷ നല്‍കിയെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി നഷ്ടപരിഹാരത്തിന് അർഹയെന്ന് ഹൈക്കോടതി കഴിഞ്ഞ തവണ വ്യക്തമാക്കിയിരുന്നു.
എത്ര രൂപ നഷ്ടപരിഹാരം നൽകാൻ സാധിക്കുമെന്ന് സർക്കാരുമായി ആലോചിച്ച് മറുപടി നൽകാൻ സർക്കാർ അഭിഭാഷകനോട് കോടതി നിർദ്ദേശിക്കുകയുണ്ടായി. വലിയ മാനസിക പീഡനമാണ് പെൺകുട്ടി നേരിടേണ്ടി വന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി നമ്പി നാരായണൻ കേസിൽ നഷ്ടപരിഹാരം നൽകിയ മാതൃകയിൽ പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.

















