തിരുവനന്തപുരം: സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. നാല് പേരും തിരുവനന്തപുരം ജില്ലയിലാണുള്ളത്. ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഒമിക്രോൺ സ്ഥിരീകരിച്ച 17 വയസുകാരനോടൊപ്പം യുകെയിൽ നിന്നെത്തിയ മാതാവ്, പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള അമ്മൂമ്മ, യുകെയിൽ നിന്നുമെത്തിയ യുവതി, നൈജീരിയയിൽ നിന്നുമെത്തിയ യുവാവ് എന്നിവർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
27 വയസുകാരി വിമാനത്തിലെ സമ്പർക്കപ്പട്ടികയിലുള്ളയാളാണ്. ഇവർ ഡിസംബർ 12നാണ് യുകെയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തുടർന്ന് ക്വാറന്റീനിലായ ഇവരെ 16ന് പരിശോധിച്ചപ്പോഴാണ് കോവിഡ് പോസിറ്റീവായത്. 32 വയസുകാരൻ ഡിസംബർ 17ന് നൈജീരിയയിൽ നിന്നും എത്തിയതാണ്.
എയർപോർട്ട് പരിശോധനയിൽ കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ആശുപത്രിയിൽ പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലത്തിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

















