ബർലിൻ: ഒമിക്രോൺ വകഭേദം പടരുന്ന സാഹചര്യത്തിൽ ബ്രിട്ടനിൽനിന്നുള്ള യാത്രക്കാർക്ക് ജർമനി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നിലവിൽ ബ്രിട്ടനിലെ ജർമൻ പൗരൻമാർക്ക് മാത്രമാണ് രാജ്യത്തേക്ക് പ്രവേശനം. ബ്രിട്ടനിൽനിന്നെത്തിയവർക്ക് 14 ദിവസത്തെ ക്വാറൻറീൻ നിർബന്ധമാക്കി. ഇത് ഞായറാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽവന്നു.
ശനിയാഴ്ച ബ്രിട്ടനിൽ 90,418 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 10,059 പേർക്ക് ഒമിക്രോൺ വകഭേദമാണ്. ഇതോടെ, ദക്ഷിണാഫ്രിക്ക ഉൾപ്പെടെയുള്ള, യാത്രവിലക്കുള്ള ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടത്തിലേക്ക് ബ്രിട്ടനും ചേർന്നു. ഡെൻമാർക്, ഫ്രാൻസ്, നോർവേ, ലബനാൻ എന്നിവയെയും ജർമനി അതി ജാഗ്രതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇവിടെനിന്നുള്ളവർക്കും യാത്ര നിയന്ത്രണമുണ്ട്. ജനുവരി മധ്യത്തോടെ യൂറോപ്പിൽ ഒമിക്രോൺ വ്യാപകമാവുമെന്ന് യൂറോപ്യൻ യൂനിയൻ മേധാവി ഉർസുല വോൺ ദേർ ലിയൻ മുന്നറിയിപ്പു നൽകി.
















