തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലക്കേസിൽ മുഖ്യപ്രതി പിടിയിൽ. കേസിലെ രണ്ടാം പ്രതി ഒട്ടകം രാജേഷാണ് പിടിയിലായത്. തമിഴ്നാട്ടിൽനിന്നുമാണ് രാജേഷിനെ പിടികൂടിയത്. ഇരുപത്തെട്ടിലധികം കേസുകളുള്ള ഗുണ്ടാ സംഘത്തലവൻ ആണ് ഒട്ടകം രാജേഷ്.കേസിലെ ഒന്നാം പ്രതി സുധീഷ് ഉണ്ണി, മൂന്നാം പ്രതി മിഠായി ശ്യാം എന്നിവർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.കൊലയ്ക്ക് ഉപയോഗിച്ച വാളും വെട്ടുകത്തികളും വെഞ്ഞാറമൂട് മൂളയം പാലത്തിനു സമീപത്തെ പറമ്പിൽനിന്നു കണ്ടെത്തിയിരുന്നു. പ്രതികളെ ഇവിടെ എത്തിച്ചാണ് പോത്തൻകോട് പോലീസ് തെളിവെടുത്തത്.
ഡിസംബർ 11ന് ഉച്ചയ്ക്ക് 2.45ന് ബൈക്കുകളിലും ഓട്ടോയിലുമായി 11 അംഗ സംഘമാണ് സുധീഷിനെ കൊലപ്പെടുത്തിയത്.സുധീഷിന്റെ കാൽ വെട്ടിയെടുത്ത ശേഷം ബൈക്കിൽ എടുത്തു കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. മൂന്നംഗം അക്രമി സംഘം ബൈക്കിലെത്തിയായിരുന്നു സുധീഷിനെ ആക്രമിച്ചത്. ഓടി വീട്ടിൽ കയറിയ സുധീഷിനെ പിന്തുടർന്ന് ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ സുധീഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രക്തം വാർന്നാണ് മരണം സംഭവിച്ചത്.മംഗലപുരം, ആറ്റിങ്ങൽ സ്റ്റേഷനുകളിൽ വധശ്രമം അടിപിടി കേസുകളിൽ പ്രതിയാണ് മരിച്ച സുധീഷ്.

















