വടകര: തീപ്പിടിത്തത്തെ തുടര്‍ന്ന് നാശനഷ്ടം നേരിട്ട വടകര താലൂക്ക് ഓഫീസിന്റെ പ്രവര്‍ത്തനം ഡിസംബര്‍ 20 തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. അടുത്തുള്ള വടകര സബ് ട്രഷറി ഓഫീസ് പ്രവര്‍ത്തിച്ചുവരുന്ന കെട്ടിടത്തില്‍ ആയിരിക്കും താല്‍ക്കാലികമായി പ്രവർത്തനമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ ഓഫിസ് പ്രവർത്തിക്കും. താലൂക്ക് ഓഫീസിൽ തീപിടിച്ചതിനെ തുടർന്നാണ് താൽക്കാലിക ഓഫീസ് തുറന്നത്. പൊതുജനങ്ങള്‍ക്ക് നേരത്തെ നല്‍കിയിട്ടുളള അപേക്ഷകളിലെ നടപടികളെക്കുറിച്ചറിയാന്‍ ഹെല്‍പ് ഡെസ്‌കും ആരംഭിച്ചിട്ടുണ്ട്. ഹെല്‍പ്പ് ഡെസ്‌ക് താലൂക്ക് ഓഫീസ് തിരഞ്ഞെടുപ്പ് വിഭാഗത്തിലാണ് പ്രവര്‍ത്തിക്കുക. ഹെല്‍പ്പ് ഡെസ്‌കില്‍ നേരിട്ടോ 0496 2513480 എന്ന ഫോണ്‍ നമ്പറിലോ അന്വേഷണം നടത്താം.
ഹെല്‍പ്പ് ഡെസ്‌ക് എല്ലാ ദിവസവും രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ പ്രവര്‍ത്തിക്കും. ഹെല്‍പ്പ് ഡെസ്‌കില്‍ ലഭിക്കുന്ന പരാതികള്‍ അപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്ത് കൈപ്പറ്റ് രശീതി നല്‍കും. ഇ-ഫയലില്‍ ഉള്‍പ്പെട്ട ഫയലുകളിലെ സംശയങ്ങള്‍ക്ക് ഹെല്‍പ്പ് ഡെസ്‌കില്‍ നിന്ന് മറുപടി നല്‍കും.
അതിനിടെ, താലൂക്ക് ഓഫീസിൽ വീണ്ടും തീ ഉയർന്നു. കഴിഞ്ഞ ദിവസം കത്തിയമർന്ന റിക്കാർഡ് റൂമിൽ നിന്നാണ് ആറര മണിയോടെ തീയും പുകയും ഉയർന്നത്. അടുത്തുണ്ടായിരുന്ന പൊലിസുകാരാണ് ഇത് കണ്ടത്. തുടർന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് എത്തി അണച്ചു. അന്ന് കെടുത്തിയ മരക്കഷ്ണങ്ങളിൽ നിന്ന് തീ പിടിച്ചതാണെന്നാണ് കരുതുന്നത്.
കേസിൽ ആന്ധ്ര സ്വദേശി സതീഷ് നാരായണന്റെ അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ മൂന്നു കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കുറ്റം സമ്മതിച്ചതോടെയാണ് നാലാമത്തെ കേസിലും അറസ്റ്റ് രേഖപ്പെടുത്തിയത്.

















