പത്തനംതിട്ട: ശബരിമലയിൽ കൂടുതൽ ഇളവുകൾ അനുവദിക്കും. മണ്ഡല-മകരവിളക്ക് ഉത്സവ നെയ്യഭിഷേകത്തിന് അനുമതി. ഭക്തർക്ക് നേരിട്ട് രാവിലെ 7 മുതൽ വൈകിട്ട് 12 വരെ നെയ്യഭിഷേകത്തിന് അനുമതി. പ്രതിദിന ഭക്തരുടെ എണ്ണം 60,000 ആയി ഉയർത്താനും തീരുമാനം. 50,000 പേർക്ക് വെർച്ചൽ ക്യൂ വഴിയും 10,000 പേർക്ക് സ്‌പോട്ട് ബുക്കിങ് വഴിയുമാണ് പ്രവേശനം നൽകുക.
തീർഥാടനത്തിനായി കാനന പാത വഴിയുള്ള യാത്ര അനുവദിക്കും. പമ്പാ സ്‌നാനം, നീലിമല കയറ്റം തുടങ്ങിയ അനുവദിച്ചിട്ടും നെയ്യഭിഷേകത്തിന് ഇന്നാണ് അനുമതി നൽകിയത്. ഭക്തർ ഇരുമുടിക്കെട്ടിൽ കൊണ്ടു വരുന്ന നെയ്യ് ശ്രീകോവിലിൽ അഭിഷേകം ചെയ്തു നൽകാൻ അനുവദിക്കണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിരുന്നു. തുടർന്നായിരുന്നു മണ്ഡല-മകരവിളക്ക് ഉത്സവം നെയ്യഭിഷേകത്തിന് അനുമതി നൽകിയത്.
കോവിഡ് വ്യാപനത്തിൽ കുറവ് വന്നതോടെ ശബരിമലയിൽ സാധരണ നിലയിലുള്ള ദർശനം വേണമെന്ന് ദേവസ്വം ബോർഡും ഭക്തരും ആവശ്യമുന്നയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഇളവുകൾ നൽകാൻ സർക്കാർ തീരുമാനിച്ചത്. സന്നിധാനത്ത് വിരി വെക്കാനുള്ള സൗകര്യം നേരത്തെ നൽകിയിരുന്നു. അതേസമയം തുറന്നായ സ്ഥലത്ത് വിരിവെക്കുന്നതിനുള്ള നിയന്ത്രണം തുടരുകയാണ്.
രണ്ട് കാർഡിയാക് സെൻററുകളും ഏഴ് ഓക്‌സിജൻ പാർലറുകളും പാതയിൽ സജ്ജമാക്കിയിട്ടുണ്ട്. ഇവയെല്ലാം തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കുടിവെളള വിതരണവും സജ്ജമാക്കി. പണിമുടക്കിയ വൈദ്യുതി വിളക്കുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തനം പുരോഗമിക്കുകയാണ്.
പമ്പയിൽ നിന്ന് സന്നിധാനത്തേക്കുമുള്ള ട്രാക്ടറുകളിലെ ചരക്കു നീക്കത്തിന് നിയന്ത്രണം കർശനമാക്കി. രാത്രിയും പകലും 12 മുതൽ 3 മണി വരെയാണ് അനുമതി. നിയന്ത്രണം സന്നിധാനത്തേക്കുള്ള ശർക്കര ഉൾപ്പടെയുള്ളവയുടെ നീക്കത്തെ ബാധിച്ചിട്ടുണ്ട്.

















