ആലപ്പുഴ: കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്തിന് 20 വെട്ടേറ്റതായി ഇൻക്വസ്റ്റ് റിപ്പോർട്ട്. ആക്രമണത്തിൽ ചൂണ്ട് മുറിഞ്ഞ് മാറിയെന്നും കീഴ്താടി തകർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കഴുത്തിൽ ആഴത്തിൽ മുറവേറ്റിട്ടുണ്ട്. തലയോട്ടി തകർന്നെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഒന്നരമണിക്കൂര്‍ സമയമെടുത്താണ് രഞ്ജിത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടപടിയിലേക്ക് കടന്നത്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജില്‍നിന്ന് വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ആലപ്പുഴ ബാര്‍ അസോസിയേഷന്‍ ഹാളിലും വെള്ളക്കിണറിലെ രഞ്ജിത്തിന്റെ വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും. ഇതിനുശേഷം വലിയ അഴീക്കലിലെ കുടുംബവീട്ടില്‍ സംസ്‌കരിക്കും.
രാത്രി എട്ടുമണിയോടെ സംസ്‌കാരം നടത്തുമെന്നാണ് ബി.ജെ.പി. നേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വൈകിയതോടെ സംസ്‌കാരചടങ്ങുകള്‍ വൈകാനാണ് സാധ്യത.
ഇന്ന് പുലർച്ചയോടെയാണ് രഞ്ജിത്ത് കൊല്ലപ്പെട്ടത്. പ്രഭാതസവാരിക്കായി ഇറങ്ങിയ രഞ്ജിത്തിനെ അജ്ഞാത സംഘം അടിച്ചു വീഴ്ത്തിയ ശേഷം ആവർത്തിച്ച് വെട്ടുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് നിന്നും പ്രതികൾ രക്ഷപ്പെട്ടു. വെട്ടേറ്റ രഞ്ജിത്തിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളക്കിണർ സ്വദേശിയാണ് കൊല്ലപ്പെട്ട രഞ്ജിത്ത്.
ആലപ്പുഴയിൽ എസ്.ഡി.പി.ഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ബിജെപി നേതാവിനും വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് എസ്ഡിപിഐ നേതാവ് കൊല്ലപ്പെട്ടത്. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷാനിനെ വാഹനമുപയോഗിച്ച് ഇടിച്ച് വീഴ്ത്തിയ ശേഷമാണ് വെട്ടിയത്. ഷാനെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഷാനിനെ ഇടിച്ചിട്ട കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, രഞ്ജിത് ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി. രഞ്ജിത് ശ്രീനിവാസന്‍റെ വീട്ടിലേക്ക് അക്രമിസംഘം ബൈക്കുകളിലായി ഹെൽമറ്റ് ധരിച്ച് പോകുന്നതും തിരികെ വരുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് കിട്ടിയത്.
ദൃശ്യങ്ങളിൽ ആറ് ബൈക്കുകളിലായി 12 പേരുണ്ട്. അക്രമികളിൽ പലരും തലയിൽ ഹെൽമറ്റ് ധരിച്ചിട്ടുണ്ട്. മാസ്ക് വച്ചിട്ടുണ്ട്. പുറമേ ചിലരെല്ലാം മുഖത്ത് തുണി കൊണ്ട് കെട്ടിയിട്ടുമുണ്ട്. ചിലർ തൊപ്പി വച്ചിട്ടുമുണ്ട്. കൃത്യമായി തിരിച്ചറിയാൻ പറ്റാത്ത വിധം ആസൂത്രണത്തോടെയാണ് അക്രമിസംഘം വന്നതും പോയതും.
ഈ സിസിടിവി ദൃശ്യങ്ങൾ നിർണായകമാണെന്നും വാഹനത്തിന്‍റെ വിവരങ്ങളടക്കമുള്ളവ ഇതിന്‍റെ അടിസ്ഥാനത്തിൽ ശേഖരിക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇന്നലെ എസ്ഡിപിഐ പ്രവർത്തകൻ ഷാനിന്‍റെ കൊലപാതകം നടന്നപ്പോഴും ഇത്തരത്തിൽ സിസിടിവി ദൃശ്യങ്ങൾ കിട്ടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അക്രമികളെത്തിയ വാഹനം തിരിച്ചറിഞ്ഞത്. റെന്‍റ് എ കാറിലാണ് അക്രമികൾ എത്തിയത്.
ഷാനിന്റെ കൊലപാതകത്തിന് പിന്നില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നാണ് എസ്.ഡി.പി.ഐ.യുടെ ആരോപണം. രഞ്ജിത്തിന്റെ കൊലയ്ക്ക് പിന്നില്‍ എസ്.ഡി.പി.ഐ. ആണെന്ന് ബി.ജെ.പി.യും ആരോപിച്ചു.
ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് നിരോധാനജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയില്‍ സംഘര്‍ഷസാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം കനത്ത പോലീസും കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രണ്ട് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 50 പേർ കസ്റ്റഡിയിലുണ്ടെന്ന് ഐജി ഹർഷിത അട്ടല്ലൂരി മാധ്യമങ്ങളോട് പറഞ്ഞു. ഇതിൽ ആർഎസ്എസ് പ്രവർത്തകരും, എസ്ഡിപിഐ പ്രവർത്തകരുമുണ്ട്. സംഭവത്തിൽ അറസ്റ്റ് ഉടൻ ഉണ്ടാകും. ഇനി അക്രമം ഉണ്ടായാൽ കർശനനടപടി ഉണ്ടാകുമെന്നും, പൊലീസിന്‍റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു. കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയാണ് പൊലീസ് പുലർത്തുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും, ബാക്കി കാര്യങ്ങൾ പിന്നീട് അറിയിക്കാമെന്നും അവർ പറഞ്ഞു.
രണ്ട് കൊലപാതകങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിച്ച് വരികയാണ്. പ്രത്യേകസംഘം അന്വേഷണം ഏറ്റെടുത്ത് കഴിഞ്ഞു. ക്രമസമാധാനച്ചുമതല നോക്കുന്നത് മറ്റൊരു സംഘമാണ്.

















