ആലപ്പുഴ : ആലപ്പുഴ മണ്ണഞ്ചേരിയിലെ എസ്ഡിപിഐ (SDPI) നേതാവ് ഷാൻ (Shan) കൊലപാതകത്തിന് (Murder) പിന്നിൽ ആർ എസ് എസ് (RSS) തീവവാദ സംഘമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. സംഘർഷ സാഹചര്യം നിലവിൽ ഇല്ലാത്ത പ്രദേശത്താണ് കൊലപാതകം നടന്നതെന്നും ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരിയാണ് ജില്ലയിൽ തങ്ങി കൊലപാതകം ആസൂത്രണം ചെയ്തതെന്നും അഷ്റഫ് മൗലവി ആരോപിച്ചു.
”സിപിഎമ്മിന് ശേഷം ആർഎസ്എസ് എന്ന അജണ്ടയാണ് നടപ്പാക്കപ്പെടുന്നത്. സംസ്ഥാന ആഭ്യന്തര വകുപ്പും ആർഎസ്എസും തമ്മിൽ ധാരണയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനാനുവാദത്തിലാണ് കൊലപാതകങ്ങൾ അരങ്ങേറുന്നതെന്നും” എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി കുറ്റപ്പെടുത്തി. ഇന്നലെയാണ് ആലപ്പുഴയിൽ ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ പിൻബലത്തിലാണ് ഷാൻ വധക്കേസിലെ പ്രതികളെ അന്വേഷണസംഘം തിരയുന്നത്.ഗൂഡാലോചനയിൽ പങ്കാളികളായ രണ്ട് പേർ കസ്റ്റഡിയിലുണ്ട്. ഷാനിനെ വധിക്കാൻ വാടകയ്ക്കെടുത്ത കാറിലാണ് കൊലയാളി സംഘമെത്തിയതെന്ന് പൊലീസിന് വ്യക്തമായിരുന്നു. ഈ സംഘത്തിന് വാടകയ്ക്ക് കാർ എത്തിച്ചുനൽകിയ രണ്ടുപേരാണ് കസ്റ്റഡിയിലുള്ളത്. മണ്ണഞ്ചേരി സ്വദേശിയായ പ്രസാദാണ് ഉടമയിൽനിന്ന് കാർ സംഘടിപ്പിച്ചത്. വാഹനം കൊണ്ടുപോയത് വെൺമണി സ്വദേശി കൊച്ചുകുട്ടനുമാണ്. ഇരുവരും ബിജെപി അനുഭാവികളാണ്.

















