ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇദ്ദേഹത്തിന് നാല്‍പ്പത് വയസായിരുന്നു. പ്രഭാതസവാരിക്കിടെ ഒരു സംഘമെത്തി വെട്ടികൊലപ്പെപെടുത്തുകയായിരുന്നു.
ആലപ്പുഴ നഗരഭാഗമായ വെള്ളകിണര്‍ ഭാഗത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസന്‍ ആലപ്പുഴ കോടതിയില്‍ അഭിഭാഷകനാണ്. കഴിഞ്ഞ ദിവസം മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൊല്ലപ്പെട്ടതിന്‍റെ പ്രതികാരമായാണ് ഈ കൊല നടന്നത് എന്നാണ് പൊലീസ് നല്‍കുന്ന സൂചന.
അതേസമയം ശനിയാഴ്ച രാത്രിയിലാണ് ആലപ്പുഴ മണ്ണഞ്ചേരിയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എ. ഷാനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഷാന്‍ ബൈക്കില്‍ പോകുമ്പോഴായിരുന്നു കാറിലെത്തിയ സംഘം ആക്രമണം നടത്തിയത്.നാലുപേരാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നിരവധി വെട്ടുകളേറ്റ ഷാനെ ഉടൻ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

















