ഇന്ത്യയുടെ ജനപ്രിയ വാഹന നിർമാതാക്കളായ മഹീന്ദ്ര ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി സമർപ്പിച്ച ലൈഫ് സ്റ്റൈൽ എസ്.യു.വി. വാഹനമായ ഥാർ ലേലം ചെയ്തു. ബഹ്‌റിനിലുള്ള പ്രവാസി വ്യവസായിയായ അമൽ മുഹമ്മദ് അലിയാണ് ഈ ഗുരുവായൂർ ക്ഷേത്രത്തിലെ ഈ ലിമിറ്റഡ് എഡിഷൻ ഥാർ ലേലത്തിലൂടെ സ്വന്തമാക്കിയത്. 15.10 ലക്ഷം രൂപയ്ക്കാണ് അദ്ദേഹം ഈ വാഹനം ലേലത്തിൽ പിടിച്ചതെന്നാണ് റിപ്പോർട്ട്.
അതേസമയം, വാഹനത്തിന്റെ ലേലം അവസാനിച്ചതിന് പിന്നാലെ വാഹനം കൈമാറുന്നതിൽ സങ്കീർണതയുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ബി. മോഹൻദാസ് അറിയിച്ചു. 25 ലക്ഷം രൂപയ്ക്ക് വാഹനം വാങ്ങാനെത്തിയ ആൾ 15.10 ലക്ഷം രൂപയ്ക്ക് വാഹനം സ്വന്തമാക്കി. ഈ ലേലം അംഗീകരിക്കുന്നത് ഭരണസമിതിയുടെ അഭിപ്രായം തേടിയ ശേഷമായിരിക്കുമെന്നാണ് അദ്ദേഹം ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാട്.
ലേലത്തിൽ വാഹനം നേടിയ ശേഷം വാഹനം 25 ലക്ഷം രൂപയ്ക്കും വാങ്ങാൻ ഒരുക്കമായിരുന്നു എന്ന് അമലിന്റെ പ്രതിനിധിയായി എത്തിയ ആൾ മാധ്യമങ്ങളോട് പറഞ്ഞതോടെയാണ് ദേവസ്വം വാഹനം വിട്ടുനൽകാൻ വിമുഖത കാണിച്ചിട്ടുള്ളത്. എന്നാൽ, ദേവസ്വം സ്വീകരിച്ചിട്ടുള്ള നിലപാട് ശരിയല്ലെന്നാണ് വാഹനം ലേലത്തിൽ പിടിച്ച വ്യക്തി അറിയിച്ചിട്ടുള്ളത്. ഭരണസമിതി യോഗം ചേർന്ന ശേഷമായിരിക്കും ഇനി ലേലം അംഗീകരിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കൂ.
മഹീന്ദ്ര കാണിക്കയായി നൽകിയ ഈ വാഹനം ലേലത്തിൽ വയ്ക്കുമെന്നും കഴിഞ്ഞ ആഴ്ച ഗുരുവായൂർ ദേവസ്വം അറിയിച്ചിരുന്നു. 15 ലക്ഷം രൂപയാണ് ഈ വാഹനത്തിന് മുഖവിലയായി നിശ്ചയിച്ചിരുന്നത്. എന്നാൽ, ലേലത്തിൽ വേറെ ആളുകൾ പങ്കെടുക്കാതിരുന്നതിനെ തുടർന്ന് 15.10 ലക്ഷം രൂപയ്ക്ക് അമൽ മുഹമ്മദ് അലി ഈ വാഹനം സ്വന്തമാക്കുകയായിരുന്നു. എന്നാൽ, ജി.എസ്.ടി. ഉൾപ്പെടെ അദ്ദേഹം 18 ലക്ഷം രൂപ അടയ്‌ക്കേണ്ടി വരും.
ഡിസംബർ ആദ്യ വാരമാണ് മഹീന്ദ്ര ഈ വാഹനം ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കായായി നൽകിയത്. ഇന്ത്യയിലെ വാഹന വിപണിയിൽ തരംഗമായി മാറിയ ഥാർ എസ്.യു.വിയുടെ ലിമിറ്റഡ് എഡിഷൻ പതിപ്പാണ് നിർമാതാക്കൾ ഗുരുവായൂരപ്പന് കാണിക്കായി സമർപ്പിച്ചത്. ചുവപ്പ് നിറത്തിനൊപ്പം ഫോർ വീൽ ഡ്രൈവ് സംവിധാനത്തിലുമാണ് മഹീന്ദ്ര കാണിക്കയായി നൽകിയ ലിമിറ്റഡ് എഡിഷൻ മോഡൽ ഒരുക്കിയിരുന്നതെന്നാണ് വിവരം.

















